റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവർത്തിച്ചാവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.
<
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പിന്‍റെ പ്രധാന നിർദ്ദേശങ്ങൾ. ഇന്നത്തെ യോഗത്തിൽ ഈ നിർദേശങ്ങൾ അവതരിപ്പിക്കും.
സിനിമ മേഖലയിൽ സമഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സാംസ്കാരിക വകുപ്പ് നിർദേശിക്കുന്നു. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കരുത്, സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിർദേശങ്ങൾ.