അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്‍തിരിക്കുന്ന തീ എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആപ്പിള്‍ ടിവി പ്ലസിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‍സിന്‍ ആണ് ചിത്രത്തിലെ നായകന്‍. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് അനില്‍ വി നാഗേന്ദ്രന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന തീ 2022 ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. അധോലോക നായകനായി വേറിട്ട ഭാവത്തില്‍ എത്തുന്നത് ഇന്ദ്രന്‍സ് ആണ്. മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേം കുമാറും എത്തുന്നു. വസന്തത്തിന്‍റെ കനല്‍വഴികളില്‍ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്‍ത ഋതേഷ്, രമേശ് പിഷാരടി, വിനു മോഹന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, തട്ടീം മുട്ടീം ഫെയിം ജയകുമാര്‍, സോണിയ മൽഹാര്‍, രശ്മി അനില്‍, വി കെ ബൈജു എന്നിവര്‍ക്കൊപ്പം സി ആർ മഹേഷ് എംഎൽഎ, മുന്‍ എംപിമാരായ കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി കെ മേദിനി, ഗായകൻ ഉണ്ണി മേനോൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി ജെ കുട്ടപ്പൻ, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നു. എം എസ് ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം, കലാഭവൻ സാബു, മണക്കാട് ഗോപൻ, സോണിയ ആമോദ്, കെ എസ് പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ പപ്പു, നടൻ ഉല്ലാസ് പന്തളം എന്നിവര്‍ ചിത്രത്തില്‍ പിന്നണി പാടുന്നുണ്ട്.
യു ക്രീയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ടി മലയമാനും അനിൽ വി നാഗേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശ് ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തികേയൻ, എഡിറ്റിംഗ് ജോഷി എ എസ്, പ്രശാന്ത് ജയ്, കലാസംവിധാനം കെ കൃഷ്ണൻകുട്ടി, മേക്കപ്പ് ലാൽ കരമന, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, സംഘട്ടനം ബ്രൂസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടർ സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനർ എൻ ഹരികുമാർ, വിഷ്വൽ എഫക്ട്സ് മുരുകേഷ് വരൺ, പിആർഒ എ എസ് ദിനേശ്.
ALSO READ : പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'തണുപ്പ്'; റിലീസ് തീയതി പ്രഖ്യാപിച്ചു