നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നേടിയ ജനപ്രീതിയും തീയേറ്റര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണില്‍ തീയേറ്ററുകളിലെത്തിയ ബോളിവുഡ് റിലീസ് കബീര്‍ സിംഗിന്റെ വരവോടെ കാര്യങ്ങള്‍ മാറി.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സിനിമകള്‍ നേടുന്ന ഉയര്‍ന്ന കളക്ഷന്‍ ഇതിന്റെ തെളിവാണെന്നുമുള്ള കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്ഥാവന ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരുന്നു. ദേശീയ അവധി ദിനമായിരുന്ന ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകള്‍ ചേര്‍ന്ന് നേടിയ തീയേറ്റര്‍ കളക്ഷന്‍ 120 കോടിയാണെന്നും മാന്ദ്യം ഇല്ലെന്നതിന്റെ തെളിവാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ വിവാദമായതിന് പിന്നാലെ ഈ പ്രസ്താവന അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മാന്ദ്യകാലത്തിലൂടെ കടന്നുപോകുമ്പോള്‍ സിനിമകള്‍ നേടുന്ന കളക്ഷന്‍ അദ്ദേഹം പറയുന്ന രീതിയില്‍ ഉയര്‍ന്ന തരത്തിലാണോ? അങ്ങനെ ആണെന്നാണ് രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെയും വിലയിരുത്തല്‍.
undefined
രാജ്യം സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ആളുകള്‍ തീയേറ്ററുകളിലേക്ക് കൂടുതലായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് പിവിആറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ ഗ്യാന്‍ചന്ദാനി ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. 'സാമ്പത്തിക മാന്ദ്യം തീയേറ്റര്‍ വ്യവസായത്തെ സഹായിക്കുകയാണെന്നാണ് എന്റെ തോന്നല്‍. പൊതുവില്‍ ഒരു നെഗറ്റിവിറ്റി സമൂഹത്തിലുണ്ട്. അതില്‍നിന്ന് ആളുകള്‍ക്ക് രക്ഷപെടണം. അതിനായി അവര്‍ സിനിമാ തീയേറ്ററുകളെ ആശ്രയിക്കുന്നു', ഗ്യാന്‍ചന്ദാനി പറയുന്നു.
ക്രിക്കറ്റ് ലോകകപ്പ് നടന്ന മാസങ്ങളില്‍ തങ്ങളുടെ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയില്‍ അടക്കം പ്രേക്ഷകരുടെ കുറവുണ്ടായിരുന്നുവെന്നും ഗ്യാന്‍ചന്ദാനി പറയുന്നു. 'നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നേടിയ ജനപ്രീതിയും തീയേറ്റര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണില്‍ തീയേറ്ററുകളിലെത്തിയ ബോളിവുഡ് റിലീസ് കബീര്‍ സിംഗിന്റെ വരവോടെ കാര്യങ്ങള്‍ മാറി'. ചെറിയ ബജറ്റില്‍, വലിയ താരമൂല്യമില്ലാത്ത അഭിനേതാക്കള്‍ എത്തുന്ന സിനിമകള്‍ക്കുപോലും ഇപ്പോള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പ്രേക്ഷകരെ ലഭിക്കുന്നുവെന്നും പിവിആര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറയുന്നു.
പിവിആറും മറ്റൊരു പ്രധാന മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ ഐനോക്‌സ് ലെയ്‌ഷേഴ്‌സും ഓഹരിവിപണിയില്‍ ഈ കാലയളവില്‍ പ്രകടനം മെച്ചപ്പെടുത്തിയെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പിവിആറിന്റെ സ്‌ക്രീനുകളില്‍ 20 ശതമാനം കാണികളാണ് വര്‍ധിച്ചതെന്നും അത് അതുപോലെ തുടരാനാണ് സാധ്യതയെന്നുമെന്നാണ് ഗ്യാന്‍ചന്ദാനിയുടെ വിലയിരുത്തല്‍.