എം സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു
ബേസിൽ- നസ്രിയ കോമ്പോ ആദ്യമായി ഒന്നിച്ചെത്തിയ 'സൂക്ഷ്മദർശിനി' മൂന്നാം വാരത്തിലും ഹൗസ്‍ഫുൾ ഷോകളുമായി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. എം സി ജിതിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രായഭേദമെന്യെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ബേസില്‍ അവതരിപ്പിക്കുന്ന മാനുവൽ പിടിക്കുന്ന ഉടുമ്പിനെ ഒരുക്കിയത് എങ്ങനെയെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ കലാസംവിധായകനായ വിനോദ് രവീന്ദ്രൻ.
''സിനിമയിൽ മാനുവൽ പിടിക്കുന്നതായി കാണിക്കുന്ന ഉടുമ്പ് സിജി അല്ല. സിനിമയ്ക്കു വേണ്ടി ഉടുമ്പിനെ ഉണ്ടാക്കിയെടുത്തതാണ്. ഉടുമ്പിന്‍റെ അനക്കങ്ങളൊക്കെ ഗ്രാഫിക്സിൽ ചെയ്തെടുത്തതാണ്. ഓടിനു മുകളിൽ ഇരിക്കുന്നതായി കാണിക്കുന്നതും മാനുവൽ പിടിച്ചു കൊണ്ടു പോകുന്നതായി കാണിക്കുന്നതും ഞാൻ ഉണ്ടാക്കിയെടുത്ത ഉടുമ്പാണ്. സിലിക്കൺ ഉപയോഗിച്ചാണ് ഉടുമ്പിനെ ഉണ്ടാക്കിയെടുത്തത്. ആദ്യം കളിമണ്ണിൽ ഒരു മോഡലുണ്ടാക്കി. പിന്നെ, അതിന്‍റെ സിലിക്കൺ കോപ്പി എടുക്കുകയായിരുന്നു'', വിനോദ് പറയുന്നു.
ബേസിലും നസ്രിയയും ഉള്‍പ്പെടെ ഏവരും പ്രകടനങ്ങൾ കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് സൂക്ഷ്മദർശിനിയിൽ എന്നാണ് പ്രേക്ഷകാഭിപ്രായം. ഇരുവരുടേയും വേറിട്ട മാനറിസങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.
ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം