'അവരല്ല കാരണം'; 45 കോടി ബജറ്റും 38,000 കളക്ഷനും! 'ലേഡി കില്ലറി'ന്‍റെ പരാജയകാരണം വെളിപ്പെടുത്തി സംവിധായകന്‍

By Web Team  |  First Published Nov 8, 2023, 9:15 AM IST

അപൂര്‍ണ്ണമായ രീതിയില്‍ തിയറ്ററുകളിലെത്തിയ ചിത്രമെന്ന് ആക്ഷേപിക്കപ്പെട്ട സിനിമ


സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ വാര്‍ത്ത സൃഷ്ടിക്കുന്ന കാലമാണിത്. കളക്ഷന്‍ കൂടിയാലും ഇനി കുറഞ്ഞാലും അത് ചര്‍ച്ചയാവാറുണ്ട്. അവിശ്വസനീയമാംവിധം കുറഞ്ഞ കളക്ഷന്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച ബോളിവുഡ് ചിത്രമായിരുന്നു ദി ലേഡി കില്ലര്‍. നവംബര്‍ 3 ന് റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റേതായി ആദ്യദിനം വിറ്റുപോയത് 293 ടിക്കറ്റുകള്‍ മാത്രമായിരുന്നു. അതിലൂടെ ലഭിച്ചത് 38,000 രൂപയും. ചിത്രത്തിന്‍റെ ബജറ്റ് 45 കോടിയാണ് എന്നതുംകൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് എത്ര വലിയ ബോക്സ് ഓഫീസ് ദുരന്തമാണെന്ന് മനസിലാവും. ഇപ്പോഴിതാ ചിത്രത്തിന്‍റെ പരാജയകാരണത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ അജയ് ബാല്‍.

അപൂര്‍ണ്ണമായ രീതിയില്‍ തിയറ്ററുകളിലെത്തിയ ചിത്രമെന്ന് ആക്ഷേപിക്കപ്പെട്ട സിനിമയാണ് ദി ലേഡി കില്ലര്‍. ഈ ആരോപണം ശരിയാണെന്ന് അജയ് ബാല്‍ തുറന്നുസമ്മതിക്കുന്നു. ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സ് എന്ന യുട്യൂബ് ചാനലിന്‍റെ റിവ്യൂവിന് താഴെ കമന്‍റ് ആയാണ് ചിത്രത്തിന്‍റെ പരാജയകാരണം സംവിധായകന്‍ വെളിപ്പെടുത്തിയത്. ചിലര്‍ കുറ്റപ്പെടുത്തിയതുപോലെ ചിത്രം അപൂര്‍ണ്ണമായത് അഭിനേതാക്കള്‍ കാരണമല്ലെന്നും പറയുന്നു അജയ് ബാല്‍. ചിത്രത്തിന്‍റെ തിരക്കഥ ആകെ 117 പേജുകള്‍ ഉണ്ടായിരുന്നു. അതില്‍ 30 പേജുകള്‍ ചിത്രീകരിച്ചതേയില്ല. കഥയില്‍ ഏറെ പ്രധാനപ്പെട്ട, പരസ്പരബന്ധം ഉണ്ടാക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സാധിച്ചില്ല. അര്‍ജുന്‍ കപൂറിന്‍റെയും ഭൂമി പട്നേക്കറിന്‍റെയും (ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍) മൊത്തം പ്രണയകഥ, ഭൂമിയുടെ മദ്യപാനാസക്തി, താന്‍ കുടുങ്ങിയതായും കാര്യങ്ങള്‍ കൈവിട്ടുപോയതായുമുള്ള അര്‍ജുന്‍റെ തോന്നല്‍ ഇവയൊന്നും തിയറ്ററിലെത്തിയ സിനിമയില്‍ ഇല്ല. സിനിമയ്ക്ക് തുടര്‍ച്ച തോന്നാത്തതിലും കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നാത്തതിലും അത്ഭുതമില്ല, അജയ് ബാല്‍ പറയുന്നു.

Latest Videos

ചിത്രത്തിന്‍റെ ഷൂട്ടിംഗ് വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും അത് അഭിനേതാക്കള്‍ കാരണം ഉണ്ടായതല്ലെന്ന് വ്യക്തമാക്കുന്നു സംവിധായകന്‍. ഒപ്പം ജോലി ചെയ്യാന്‍ ആരും ഇഷ്ടപ്പെടുന്ന വ്യക്തികളാണ് അര്‍ജുനും ഭൂമിയും. സിനിമയിലേക്ക് തങ്ങളുടെ മുഴുവന്‍ പ്രയത്നവും അവര്‍ നല്‍കിയിരുന്നു. മറിച്ച് എനിക്ക് വെല്ലുവിളി സൃഷ്ടിച്ചത് മറ്റ് ചില കാരണങ്ങളാണ്. അത് തീര്‍ത്തും മറ്റ് ചില കാരണങ്ങളാണ്. 

സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും ചിലവ് വന്നതാണ് നിര്‍മ്മാതാക്കള്‍ പടം ഉപേക്ഷിക്കാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 45 കോടി മുടക്കിയ സിനിമയുടെ മുടങ്ങിപ്പോയ ചിത്രീകരണം പുനരാരംഭിക്കാന്‍ 4- 5 കോടി വേണ്ടിയിരുന്നു. തുടര്‍ന്നാണ് ചിത്രീകരണം ഇനി തുടരേണ്ടതില്ലെന്ന് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് തീരുമാനം വന്നതെന്ന് ഇന്ത്യ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഒരു ഒടിടി പ്ലാറ്റ്ഫോമുമായി ചിത്രത്തിന് ആഫ്റ്റര്‍ തിയറ്റര്‍ റിലീസിന് കരാര്‍ ആയിരുന്നെന്നും അതുകൊണ്ട് മാത്രമാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതെന്നും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് ഈ ഒടിടി പ്ലാറ്റ്ഫോം എന്നാണ് അറിയുന്നത്. ഏതായാലും അണിയറക്കാര്‍ ആഗ്രഹിക്കാതിരുന്ന രീതിയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ് ദി ലേഡി കില്ലര്‍.

ALSO READ : അഭിനയം പൊളിയല്ലേ, നല്ല ശമ്പളവും വേണം; പ്രതിഫലം കൂട്ടി എസ് ജെ സൂര്യ, തെലുങ്കില്‍ ബോളിവുഡ് താരങ്ങളെയും മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!