'മൂന്ന് തവണ കണ്ടു', ഈ വര്‍ഷം ഏറ്റവും ഇഷ്ടമായ ചിത്രം തല്ലുമാലയെന്ന് ലോകേഷ്

By Web Team  |  First Published Dec 13, 2022, 4:09 PM IST

ട്രീറ്റ്മെന്‍റിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരില്‍ തരംഗം തീര്‍ത്ത ചിത്രം


ലോകേഷ് കനകരാജിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് കടന്നുപോകുന്നത്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രം പുറത്തിറങ്ങിയ വര്‍ഷം. കൈതിയും മാസ്റ്ററും അടക്കമുള്ള ഹിറ്റുകള്‍ മുന്‍പും ഒരുക്കിയിട്ടുണ്ടെങ്കിലും വിക്രം നേടിയ വിജയം അതിനേക്കാളൊക്കെ മുകളിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന് ഏറ്റവും പ്രിയം തോന്നിയ ഒരു ഇന്ത്യന്‍ ചിത്രം ഏതായിരിക്കും? കണ്ടിട്ട് ഏറെ ഇഷ്ടപ്പെട്ട, തനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയ ചിത്രം..? ആ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. 

ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ഫിലിം മേക്കേഴ്സ് അഡ്ഡയില്‍ അനുപമ ചോപ്രയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകന്‍. 2022 ല്‍ തനിക്ക് ഏറ്റവും പ്രിയം തോന്നിയ ചിത്രം ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാലയാണെന്ന് പറയുന്നു ലോകേഷ്. എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആ​ഗ്രഹം തോന്നിയ ചിത്രം തല്ലുമാലയാണ്. രണ്ട് മൂന്ന് തവണ തുടര്‍ച്ചയായി ഈ ചിത്രം ഞാന്‍ കണ്ടു. അതിന്‍റെ എഡിറ്റ് ബട്ടണ്‍ എനിക്ക് ഇഷ്ടപ്പെട്ടു. എന്‍റെ രീതിയിലുള്ള ചിത്രമായി എനിക്കത് തോന്നി. അത്തരമൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നും തോന്നി. മുന്‍പ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കുറിച്ചും അങ്ങനെ തോന്നിയിട്ടുണ്ട്, ലോകേഷ് കനകരാജ് പറഞ്ഞു.

Latest Videos

ALSO READ : 'സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്നേഹം കണ്ടു, നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തില്‍ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. ട്രീറ്റ്മെന്‍റിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരില്‍ തരംഗം തീര്‍ത്തിരുന്നു ഈ ചിത്രം. തിയറ്റര്‍ വിജയത്തിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോഴും ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചത്. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. 

click me!