11 വര്‍ഷം കൊണ്ട് പ്രതിഫലത്തിലെ വര്‍ധന 8 ഇരട്ടി! 'തുപ്പാക്കി' മുതല്‍ 'ലിയോ' വരെ വിജയ് വാങ്ങിയ പ്രതിഫലം

By Web Team  |  First Published Nov 1, 2023, 5:15 PM IST

2004 ല്‍ പുറത്തെത്തിയ ​ഗില്ലി വരെ ലക്ഷങ്ങളില്‍ ആയിരുന്നു വിജയ്‍യുടെ പ്രതിഫലം


ഇതുവരെ റിലീസ് ചെയ്യപ്പെട്ട സിനിമകളുടെ കാര്യമെടുത്താല്‍ തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമാണ് വിജയ്. ജയിലറില്‍ രജനികാന്തിന് ലഭിച്ചത് 110 കോടി ആയിരുന്നെങ്കില്‍ അതിനുശേഷമെത്തിയ ലിയോയില്‍ വിജയ് വാങ്ങിയത് 120 കോടിയാണ്. തമിഴില്‍ ഏറ്റവും ജനപ്രീതിയുള്ള താരത്തിന്‍റെ പ്രതിഫലത്തിലെ ഈ വളര്‍ച്ച പൊടുന്നനെ സംഭവിച്ച ഒന്നല്ല. എന്നാല്‍ വളര്‍ച്ചയുടെ തോത് കാര്യമായി കൂടിയത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണുതാനും. അത് എങ്ങനെ ആയിരുന്നുവെന്ന് പരിശോധിക്കാം. 

അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രിയിലൂടെയാണ് (1984) വിജയ് ബാലതാരമായി അരങ്ങേറിയത്. മകനെ നായകനാക്കി അരങ്ങേറ്റം നടത്തിയും ചന്ദ്രശേഖര്‍ തന്നെ. 1992 ല്‍ പുറത്തെത്തിയ നാളൈയാ തീര്‍പ്പ് എന്ന ചിത്രമായിരുന്നു അത്. 2004 ല്‍ പുറത്തെത്തിയ ​ഗില്ലി വരെ ലക്ഷങ്ങളില്‍ ആയിരുന്നു വിജയ്‍യുടെ പ്രതിഫലം. എന്നാല്‍ തിയറ്ററുകളില്‍ 200 ദിവസത്തിലധികം ഓടുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‍യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്. 

Latest Videos

 

വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം 2004 ല്‍ ആയിരുന്നെങ്കില്‍ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം 2012 ല്‍ ആയിരുന്നു. എ ആര്‍ മുരു​ഗദോസിന്‍റെ സംവിധാനത്തിലെത്തിയ തുപ്പാക്കി ആയിരുന്നു ചിത്രം. ഈ ചിത്രത്തിന്‍റെ വിജയം വിജയ്‍യുടെ പ്രതിഫലം കാര്യമായി ഉയര്‍ത്തി. 15 കോടി എന്ന പ്രതിഫലത്തിലേക്ക് വിജയ്‍യുടെ മൂല്യം ഉയര്‍ന്നു. തുടര്‍ന്നുള്ള കരിയറില്‍ വിജയ്‍യുടെ ഒരു ശ്രദ്ധേയ ചിത്രം ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍ ആണ്. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ വിജയ് മിനിമം ​ഗ്യാരന്‍റിയുള്ള താരമായി മാറിയ കാലം കൂടിയാണ് ഇത്. മെര്‍സലിലെ വേഷത്തിന് അദ്ദേഹത്തിന് ലഭിച്ചത് 25 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വിജയം നേടിയ മെര്‍സലിന് പിന്നാലെ എത്തിയ ചിത്രം ആയതിനാല്‍ സര്‍ക്കാരില്‍ വിജയ് പ്രതിഫലം ഉയര്‍ത്തിയിരുന്നു. എ ആര്‍ മുരു​ഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് അദ്ദേഹത്തിന് ലഭിച്ചത് 35 കോടി ആയിരുന്നു. ആറ്റ്ലിയുമായി വിജയ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്നതായിരുന്നു പിന്നാലെയെത്തിയ ബി​ഗിലിന്‍റെ പ്രീ റിലീസ് ഹൈപ്പ്. പ്രകടനത്തിന്‍റെ പേരില്‍ വിജയ് കൈയടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലെ രായപ്പന്‍. 50 കോടിയാണ് ഈ ചിത്രത്തില്‍ പ്രതിഫലമായി വിജയ്ക്ക് ലഭിച്ചത്. 

 

ബി​ഗില്‍ നേടിയ വന്‍ വിജയം വിജയ്‍യുടെ പ്രതിഫലം പിന്നെയും ഉയര്‍ത്തി. ലിയോ സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പം വിജയ് ആദ്യമായി പ്രവര്‍ത്തിയ മാസ്റ്റര്‍ ആണ് പിന്നീടെത്തിയ ദളപതി ചിത്രം. ലിയോ നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ചിത്രത്തിലെ വേഷത്തിന് കരാര്‍ പ്രകാരം വിജയ്ക്ക് ലഭിച്ചത് 100 കോടി ആയിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രം വൈകിയത് പരി​ഗണിച്ച് വിജയ് 20 കോടി നിര്‍മ്മാതാവിന് മടക്കിനല്‍കി. പിന്നീടിങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും 100 കോടിയോ അതിന് മുകളിലോ ആണ് വിജയ് വാങ്ങിയത്. 

 

നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തിലെത്തിയ ബീസ്റ്റില്‍ വിജയ് വാങ്ങിയത് 100 കോടി ആയിരുന്നു. വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് ആദ്യദിനം നെ​ഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതലും ലഭിച്ചത്. എന്നാലും ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നില്ല എന്നത് വിജയ്‍ എന്ന ബ്രാന്‍ഡിന്‍റെ താരമൂല്യത്തിന്‍റെ തെളിവായി എടുത്തുകാട്ടപ്പെട്ടു. പിന്നീടെത്തിയ വാരിസില്‍ വിജയ് വാങ്ങിയത് 10 കോടി അധികമാണ്. അതായത് 110 കോടി. കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് ലോകേഷ് ചിത്രം ലിയോയില്‍ അഭിനയിച്ചതിന് വിജയ്‍ക്ക് ലഭിച്ചിരിക്കുന്നത്. 120 കോടിയാണ് അദ്ദേഹം വാങ്ങിയത്. എന്നാല്‍ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ലിയോയിലൂടെ വിജയ് സ്വന്തമാക്കിയിരിക്കുന്നത്. വെറും 12 ദിവസം കൊണ്ട് 540 കോടിയാണ് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ലിയോ നേടിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിം​ഗുമായിരുന്നു ലിയോ. ഷാരൂഖ് ഖാന്‍റെ 1000 കോടി ക്ലബ്ബ് ചിത്രങ്ങളായ പഠാനെയും ജവാനെയും പോലും ഓപണിം​ഗില്‍ മറികടന്നിരുന്നു ഈ തമിഴ് ചിത്രം. ഈ വിജയം വിജയ്‍യുടെ പ്രതിഫലത്തിലും വര്‍ധനവ് ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നതും. വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന ദളപതി 68 ല്‍ വിജയ് വാങ്ങുന്നത് 150 കോടി ആണെന്നാണ് അറിയുന്നത്.

ALSO READ : 'പ്രിയ അല്‍ഫോന്‍സ് പുത്രന്'; വൈകാരികമായ കത്തുമായി 'സൂരറൈ പോട്ര്' സംവിധായിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!