തമിഴ്നാട്ടിലെ സിംഗില്‍ സ്ക്രീനുകള്‍ നേരത്തേ പിന്മാറിയിരുന്നു
വിവാദ ബോളിവുഡ് ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്. സ്ക്രീന്‍ കൗണ്ട് കുറവായിരുന്നെങ്കിലും വെള്ളിയാഴ്ച തമിഴ്നാട്ടിലെ ചില സിംഗിള്‍ സ്ക്രീനുകളിലും മള്‍ട്ടിപ്ലെക്സുകളിലും ചിത്രം റിലീസ് ആയിരുന്നു. ഇതില്‍ സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ നേരത്തേതന്നെ ചിത്രത്തിന്‍റെ പ്രദര്‍ശനത്തില്‍ നിന്നും പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്സുകള്‍ കൂടി പിന്മാറുന്നതോടെ സംസ്ഥാനത്ത് ഇനി ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.
വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യപ്പെട്ട തിയറ്ററുകളിലേക്ക് നാം തമിഴര്‍ കക്ഷി, തമിഴ്നാട് മുസ്‍ലിം മുന്നേട്ര കഴകം, എസ്‍ഡിപിഐ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ വലിയ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം കാണാനെത്തിയ ഓരോ കാണിക്കും വിശദമായ പരിശോധനയ്ക്കു ശേഷമാണ് തിയറ്റര്‍ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത വിവിധ സംഘടനകളില്‍ പെട്ട നൂറിലധികം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് പല സെന്‍ററുകളിലും ചിത്രത്തിന്‍റെ പ്രദര്‍ശനം തടസ്സപ്പെടുകയുമുണ്ടായി.
stop screening of the controversial from today (Sunday) all over !
They have cited “potential law and order issues and lack of reception from general public as reasons for the move!”.
കേരളത്തില്‍ 21 സ്ക്രീനുകളിലാണ് വെള്ളിയാഴ്ച ദി കേരള സ്റ്റോറി പ്രദര്‍ശനം ആരംഭിച്ചത്. പ്രമുഖ മല്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ നേരത്തേ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് പുറത്ത് പൊലീസ് സാന്നിധ്യമുണ്ട്. ഉള്ളടക്കം കൊണ്ട് റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി യുവതികളെ തീവ്രവാദ പ്രവർത്തനത്തിനായി സിറിയയിലേക്ക് വ്യാപകമായി കൊണ്ടുപോകുന്നു എന്ന് സ്ഥാപിക്കുന്ന ചിത്രമാണിത്. സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.