"അവിടുത്തെ ഐസ്ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്"
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ മൌലികതയെ ചോദ്യം ചെയ്ത് തമിഴ് സംവിധായിക ഹലിത ഷമീം. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത. താന്‍ 2021 ല്‍ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ നിരവധി സൌന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തിരിക്കുകയാണ് നന്‍പകലിലെന്ന് ഹലിത ആരോപിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവന്‍ കണ്ടപ്പോള്‍ മറ്റ് പല കാര്യങ്ങളും നന്‍പകലില്‍ ആവര്‍ത്തിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും സംവിധായിക പറയുന്നു.
ഹലിത ഷമീമിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൌന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൌന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അവിടുത്തെ ഐസ്ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു. കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല.
ALSO READ : ആദ്യ സിനിമ തിയറ്ററിലെത്തുന്നത് കാണാനാവാതെ മനു ജെയിംസ്; വിങ്ങലടക്കി സഹപ്രവര്‍ത്തകര്‍