താനുൾപ്പടെയുള്ള മറ്റംഗങ്ങളുടെ കൊവിഡ് ഫലം നെഗറ്റീവ് ആണെന്നും തമന്ന അറിയിച്ചു.
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയുടെ മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമന്ന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് അച്ഛനും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചതെന്ന് താരം വ്യക്തമാക്കി. അതേസമയം, താനുൾപ്പടെയുള്ള മറ്റംഗങ്ങളുടെ കൊവിഡ് ഫലം നെഗറ്റീവ് ആണെന്നും തമന്ന അറിയിച്ചു.
"കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾക്ക് കൊവിഡ് ലക്ഷണങ്ങൾ കാണുന്നത്. മുൻകരുതൽ നടപടിയെന്ന നിലയിൽ വീട്ടിലെ എല്ലാവരും ഉടനടി പരിശോധനയ്ക്ക് വിധേയരായി. പരിശോധനാ ഫലം ഇപ്പോഴാണ് വന്നത്, നിർഭാഗ്യവശാൽ എന്റെ മാതാപിതാക്കളുടെ ഫലം പോസിറ്റീവാണ്. അധികാരികൾ അറിയിച്ച പ്രകാരം വേണ്ട മുൻകരുതലുകൾ എടുക്കുകയാണ് ഞങ്ങൾ. ഞാനുൾപ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകൾ നന്നായി നടക്കുന്നുണ്ട്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ അവരെ സഹായിക്കും ", തമന്ന ഭാട്ടിയ കുറിക്കുന്നു.