തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം

By Web Team  |  First Published Aug 6, 2023, 11:02 AM IST

അജിത്തിനൊപ്പം വമ്പൻ താരങ്ങള്‍ അണിനിരക്കുന്നു.


തമന്നയും തൃഷയും തെന്നിന്ത്യയുടെ പ്രിയ താരങ്ങള്‍ ആണ്. വര്‍ഷങ്ങള്‍ എത്രയായാലും ഒളിമങ്ങാതെ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് തൃഷ. തമന്നയാകട്ടെ സമീപകാലത്ത് ശ്രദ്ധയാകര്‍ഷിക്കുന്ന താരവും. അജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ തമന്നയും തൃഷാ കൃഷ്‍ണനും വേഷമിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

അജിത്ത് നായകനാകുന്ന 'വിഡാമുയര്‍ച്ചി' എന്ന ചിത്രത്തിലാണ് തമന്നയും തൃഷയും പ്രധാന വേഷങ്ങളില്‍ എത്തുക. അര്‍ജുനും അജിത്തിനൊപ്പം പുതിയ ഈ ചിത്രത്തിലുണ്ടായേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം. യൂറോപ്പ് പര്യടനത്തിന് ശേഷമായിരിക്കും പുതിയ ചിത്രത്തില്‍ അജിത്ത് ജോയിൻ ചെയ്യുക.

Latest Videos

എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം 'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: ഡിനോയുടെ 'ബസൂക്ക' പൂര്‍ത്തിയാക്കി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!