ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം? പ്രതികരണവുമായി ശ്യാം പുഷ്‍കരന്‍

By Web Team  |  First Published Jan 22, 2023, 9:19 AM IST

2019 ഡിസംബറിലാണ് ഇങ്ങനെയൊരു പ്രോജക്റ്റിനെക്കുറിച്ച് ആദ്യ അപ്ഡേറ്റ് എത്തുന്നത്


ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ ഒരു ഹിന്ദി ചിത്രം വരുന്നതായ ആദ്യ അപ്ഡേറ്റ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. ഷാരൂഖിന്‍റെ മുംബൈയിലെ വീടായ മന്നത്തില്‍ വച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രം ആഷിക് തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്റ്റിനെക്കുറിച്ച് അപ്ഡേറ്റുകളൊന്നും എത്തിയില്ല. ഇപ്പോഴിതാ അത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്യാം പുഷ്കരന്‍.

ആ ചിത്രം ഇപ്പോഴും ഓണ്‍ ആണെന്ന് ശ്യാം പറയുന്നു. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം ഇതേക്കുറിച്ച് പറയുന്നത്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്‍റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം, ശ്യാം പറയുന്നു.

Latest Videos

ALSO READ : ഇന്ത്യന്‍ റിലീസ് 4500 സ്ക്രീനുകളില്‍? ആദ്യ ദിനം 'പഠാന്‍' നേടുക റെക്കോര്‍ഡ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍

അതേസമയം ശ്യാം പുഷ്കരന്‍ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം തങ്കം ഈ വാരം തിയറ്ററുകളില്‍ എത്തുകയാണ്. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഹീദ് അരാഫത്ത് ആണ്. നേരത്തെ 2017 ല്‍ പുറത്തെത്തിയ തീരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഇദ്ദേഹം. മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മാണം. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന്റെ ആകര്‍ഷണമാണ്.

click me!