തമിഴിലെ വമ്പന്‍ വിജയങ്ങളിലൊന്നാണ് ഗജിനി
സംവിധായകന്‍ എന്ന നിലയിലുള്ള തന്‍റെ ആദ്യ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ആര്‍ മാധവന്‍ (R Madhavan). ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് എന്ന ചിത്രം സംവിധാനം ചെയ്‍തതിനൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മാധവനാണ്. ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇപ്പോഴിതാ മുന്‍പ് താന്‍ ഒരു വിജയചിത്രം ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. മുരുഗദോസിന്‍റെ സംവിധാനത്തില്‍ സൂര്യ (Suriya) നായകനായി 2005ല്‍ പുറത്തെത്തിയ ഗജിനിക്കായി (Ghajini) സംവിധായകന്‍ ആദ്യം സമീപിച്ചത് മാധവനെ ആയിരുന്നു.
പക്ഷേ കഥയുടെ രണ്ടാം പകുതി തനിക്ക് ഇഷ്ടമായില്ലെന്ന് മാധവന്‍ പറയുന്നു. അതിനാല്‍ പ്രോജക്റ്റ് ഒഴിവാക്കുകയായിരുന്നെന്നും. അതേസമയം ഗജിനിയിലെ റോള്‍ തന്നേക്കാള്‍ അനുയോജ്യമായ ഒരാളിലേക്കാണ് ചെന്നുചേര്‍ന്നത് എന്നതില്‍ സന്തോഷം തോന്നിയിട്ടുണ്ടെന്നും മാധവന്‍ പറഞ്ഞു. സൂര്യ ചെയ്‍തതുപോലെ ഒരു സിക്സ് പാക്ക് ലുക്ക് എനിക്ക് സാധിക്കുമോയെന്ന് അറിയില്ല. ഈ കഥാപാത്രത്തിനുവേണ്ടി സൂര്യ നടത്തിയ കഠിനാധ്വാനം എനിക്കറിയാവുന്നതാണ്. ഒരാഴ്ചത്തേക്ക് ഭക്ഷണത്തില്‍ നിന്നും ഉപ്പ് അദ്ദേഹം പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു, സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു മാധവന്‍റെ വാക്കുകള്‍. റോക്കട്രിയുടെ തെന്നിന്ത്യന്‍ പതിപ്പുകളില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്നുണ്ട്.
അതേസമയം തമിഴിലെ വമ്പന്‍ വിജയങ്ങളിലൊന്നാണ് ഗജിനി. മുരുഗദോസിന്‍റെ തന്നെ സംവിധാനത്തില്‍ 2008ല്‍ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കും പുറത്തിറങ്ങി. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇതും വന്‍ വിജയമാണ് നേടിയത്. 2008ലെ ക്രിസ്മസ് റിലീസ് ആയ ചിത്രം ബോളിവുഡ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിന് തുടക്കമിട്ട ചിത്രം കൂടിയാണ്.