ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഏറ്റവും പുതിയ അഭിമുഖത്തില്‍ താരം
ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ നേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സിനിമ ഇപ്പോള്‍. കൊവിഡ് കാലത്ത് ആരംഭിച്ച ഒടിടി പരിചയവും അതിനും മുന്‍പ് ബാഹുബലിയില്‍ നിന്ന് ആരംഭിച്ച തെന്നിന്ത്യയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ വരവുമാണ് ഈ സാഹചര്യത്തിന് തുടക്കമിട്ടത്. മറുഭാഷകളില്‍ വലിയ വിജയം നേടുന്നുണ്ട് ഇപ്പോള്‍ പല താരങ്ങളും. ഇപ്പോഴിതാ ബോളിവുഡില്‍ വമ്പന്‍ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഒരു തെന്നിന്ത്യന്‍ താരം.
തമിഴ് താരം സൂര്യയാണ് ഒരു ബിഗ് പ്രോജക്റ്റുമായി ബോളിവുഡിലേക്ക് എത്തുന്നത്. ഒരു വര്‍ഷം മുന്‍പേ കേട്ടുതുടങ്ങിയ പ്രോജക്റ്റ് ആണ് ഇത്. രംഗ് ദേ ബസന്തിയും ഭാഗ് മില്‍ഖ ഭാഗുമൊക്കെ ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‍റ സംവിധാനം ചെയ്യുന്ന ചിത്രം മഹാഭാരതത്തിലെ കര്‍ണനെ കേന്ദ്ര കഥാപാത്രമാക്കുന്ന ഒന്നാണ്. മറ്റൊരര്‍ഥത്തില്‍ മഹാഭാരതത്തെ കര്‍ണന്‍റെ കാഴ്ചപ്പാടില്‍ പുനരാവിഷ്കരിക്കുന്ന ചിത്രം. ഫര്‍ഹാന്‍ അഖ്തറും റിതേഷ് സിധ്വാനിയും ചേര്‍ന്ന് നിര്‍മ്മിക്കാനിരിക്കുന്ന ചിത്രമാണിത്. ആനന്ദ് നീലകണ്ഠന്‍റേതാണ് ചിത്രത്തിന്‍റെ രചന. എന്നാല്‍ വന്‍ ബജറ്റ് വേണ്ടിവരുന്ന ഈ ചിത്രം ഇന്‍ഡസ്ട്രിയുടെ മോശം അവസ്ഥ പരിഗണിച്ച് മാറ്റിവച്ചിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയ വിവരം.
undefined
കേര്‍ളി ടെയില്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് സൂര്യ മറുപടി പറയുന്നുണ്ട്. "ഒരുപാട് ചര്‍ച്ചകള്‍ അതില്‍ നടന്നിരുന്നു. സമയമെടുക്കും. ഒരു സിനിമ ആരംഭിക്കുന്നതിന് മുന്‍പ് വലിയ പ്രോസസ് ഉണ്ട്. പക്ഷേ ഒരു വര്‍ഷം മുന്‍പ് അത് തുടങ്ങിയിരുന്നു. അതുപോലെ ഒന്നാണ് എനിക്ക് ചെയ്യേണ്ടതെങ്കില്‍ അതാവും ബോളിവുഡിലെ എന്‍റെ ആദ്യ സിനിമ. അതിന്‍റെ പേര് ഞാന്‍ പറയുന്നില്ല, ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല. സമയമാവുമ്പോള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുന്നതാവും നല്ലത്", എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.
സൂര്യ പ്രോജക്റ്റ് ഏതെന്ന് പറഞ്ഞിട്ടില്ലെങ്കിലും അത് കര്‍ണ തന്നെ ആണെന്നാണ് ട്രേഡ‍് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 500 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളായാവും ഈ ചിത്രം എത്തുക.