വില 70 കോടി, മുംബൈയില്‍ 9000 സ്ക്വയര്‍ ഫീറ്റിന്‍റെ ആഡംബര ഫ്ലാറ്റ് വാങ്ങി സൂര്യ

By Web Team  |  First Published Mar 21, 2023, 7:42 PM IST

പ്രത്യേകം പൂന്തോട്ടവും നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ഫ്ലാറ്റിനോട് ചേര്‍ന്ന് ഉണ്ട്.


2ഡി എന്റര്‍ടെയ്ന്‍മെന്‍റ് എന്ന സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനി ബോളിവുഡിലേക്കും എത്തുകയാണ്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ സൂരറൈ പോട്രിന്‍റെ നിര്‍മ്മാണത്തില്‍ ഈ ബാനറിന് പങ്കാളിത്തമുണ്ട്. ബോളിവുഡില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇവര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേതായാലും സൂര്യ കുടുംബസമേതം ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അവിടെ രണ്ടാമതൊരു വാസ സ്ഥലം കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. 70 കോടിയുടെ ആഡംബര ഫ്ലാറ്റ് ആണ് സൂര്യ പുതുതായി വാങ്ങിയിരിക്കുന്നതെന്ന് ഇന്ത്യ ​ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ വന്‍കിട ബിസിനസുകാരും ചലച്ചിത്ര താരങ്ങളുമൊക്കെ വസിക്കുന്ന പ്രദേശത്താണ് സൂര്യയും ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 9000 ചതുരശ്ര അടിയാണ് പാര്‍പ്പിടത്തിന്‍റെ വിസ്തൃതി. പ്രത്യേകം പൂന്തോട്ടവും നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ഫ്ലാറ്റിനോട് ചേര്‍ന്ന് ഉണ്ട്. എന്നാല്‍ ഈ ഫ്ലാറ്റ് തന്‍റെ അമ്മയും അച്ഛനും അനുജനും നടനുമായ കാര്‍ത്തിയും മറ്റ് കുടുംബാം​ഗങ്ങളുമൊക്കെ മുംബൈയില്‍ എത്തുമ്പോള്‍ താമസിക്കാനായി തയ്യാറാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ പിറന്നാളും കുടുംബാം​ഗങ്ങള്‍ ഒത്തുചേരുന്ന മറ്റ് ആഘോഷങ്ങളുമൊക്കെ നടത്താനുള്ള ഇടവുമായിരിക്കും ഇത്. മകള്‍ ദിയയുടെ വിദ്യാഭ്യാസത്തിനു കൂടിയാണ് സൂര്യ മുംബൈയിലേക്ക് കുടുംബ സമേതം താമസം മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Latest Videos

പാണ്ഡിരാജിന്‍റെ സംവിധാനത്തിലെത്തിയ എതര്‍ക്കും തുനിന്തവന്‍ ആണ് സൂര്യയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ സോളോ ഹീറോ ചിത്രം. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ എത്തിയ കമല്‍ ഹാസന്‍ ചിത്രം വിക്രത്തിലെ അതിഥി വേഷമാണ് സൂര്യയ്ക്ക് അതിലും മൈലേജ് നല്‍കിയത്. റോളക്സ് എന്ന അധോലോക നേതാവിന്‍റെ കഥാപാത്രം സൂര്യ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു.

ALSO READ : വീണ്ടും തെന്നിന്ത്യന്‍ റീമേക്കുമായി അക്ഷയ് കുമാര്‍; 'സൂരറൈ പോട്ര്' റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു

click me!