ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി തന്‍റെ സോഷ്യല്‍ മീഡിയ ഇന്ന് പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന താടി വടിച്ചുള്ള ഗെറ്റപ്പിലുള്ള തന്‍റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. എന്നാല്‍ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനുവേണ്ടി പരിപാലിച്ചിരുന്ന ഗെറ്റപ്പ് ഒഴിവാക്കിയത് കേന്ദ്ര മന്ത്രി പദവിയിലിരിക്കെ സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി കിട്ടില്ലെന്നതിനാലാണെന്ന് വിലയിരുത്തലുകള്‍ ഉണ്ടായി. ഇപ്പോഴിതാ അക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. കരിയറിലെ 250-ാം ചിത്രമായ ഒറ്റക്കൊമ്പന്‍റെ ഒരു പോസ്റ്റര്‍ ആണ് അത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. ഊഹാപോഹങ്ങള്‍ക്ക് ഇടമില്ലെന്ന ഒരു കുറിപ്പും പോസ്റ്ററിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും എന്ന് സൂചിപ്പിച്ചുകൊണ്ട് 2025 എന്നും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
കേന്ദ്ര മന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് സിനിമകളില്‍ അഭിനയിക്കാനുള്ള അനുമതി സുരേഷ് ഗോപിക്ക് ലഭിച്ചേക്കില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ഗോപി ഒരു വേദിയില്‍ പ്രസംഗിച്ചിരുന്നു. അതേസമയം അനുവദിക്കാമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും എന്തായാലും താന്‍ സെപ്റ്റംബര്‍ 6 ന് ചിത്രീകരണത്തിനായി കേരളത്തിലേക്ക് എത്തുമെന്നും സുരേഷ് ഗോപി ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതാണ് സുരേഷ് ഗോപി പുതിയ ഗെറ്റപ്പിലെ ചിത്രം പങ്കുവച്ചതിന് പിന്നാലെ സിനിമയുടെ ചിത്രീകരണം നീളുമെന്ന പ്രചരണത്തിന് കാരണം.
ALSO READ : 'ഒരു അന്വേഷണത്തിന്‍റെ തുടക്ക'ത്തിലെ പഞ്ചാബി ഗാനം എത്തി