ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനായില്ലെന്ന് സുരേഷ് ​ഗോപി; 'തീരുമാനങ്ങള്‍ സംഘടനകള്‍ എടുക്കട്ടെ'

By Web Team  |  First Published Aug 20, 2024, 4:48 PM IST

വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും സുരേഷ് ഗോപി


മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമയപരിമിതി മൂലം തനിക്ക് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. "ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്ന് പറയുന്നത് ആദരിക്കപ്പെടേണ്ടതാണ്. സര്‍ക്കാരും കൂടി നിര്‍ദേശിക്കുന്ന തരത്തില്‍ പുതിയ തീരുമാനങ്ങള്‍ എന്താണെന്നത് സംഘടനകള്‍ എടുക്കട്ടെ. ഞാന്‍ സിനിമയില്‍ സജീവമായി കുറേക്കാലമായിട്ട് ഇല്ല. അതുകൊണ്ടുതന്നെ എനിക്ക് ഇതിനകത്ത് ഇപ്പോള്‍ നിലവിലുള്ള വീഴ്ചകള്‍ എന്താണെന്ന് അറിയില്ല. പലരും പരാതി പറഞ്ഞ് പുറത്ത് പോയപ്പോഴും ഒന്നും എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. ആ സ്ഥിതി തുടരുന്നു", ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു. 

വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. "തുടർനടപടി സർക്കാർ പരിശോധിച്ച് കൈകൊള്ളും. ഒരു കമ്മീഷൻ്റെ വിലയെന്താണ്, മൂല്യമെന്താണെന്ന് സർക്കാരിനറിയാം. അതിനനുസരിച്ച് സർക്കാർ നടപടി എടുക്കും. നോക്കിയില്ലെങ്കിൽ നിങ്ങൾ അത് ചോദ്യം ചെയ്യ്", സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 

Latest Videos

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്. 

ALSO READ : പാര്‍ട്ടി മോ‍ഡില്‍ വിനീത് ശ്രീനിവാസന്‍; 'ഒരു ജാതി ജാതക'ത്തിലെ വീഡിയോ ഗാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!