'ലേലം 2 എന്ന സിനിമ ഒരിക്കലും സംഭവിക്കില്ല' : തീര്‍ത്ത് പറഞ്ഞ് നിഥിന്‍ രണ്‍ജി പണിക്കര്‍

By Web Team  |  First Published Jul 14, 2024, 10:45 PM IST

പുതിയ അപ്ഡേറ്റ് പ്രകാരം ലേലം 2 എന്ന സിനിമ സംഭവിക്കില്ലെന്ന് തീര്‍ത്ത് പറയുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. 


കൊച്ചി: സുരേഷ് ഗോപി നായകനായി വന്‍ ഹിറ്റായ ചിത്രമായിരുന്നു ലേലം. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ട്. ണ്‍ജി പണിക്കരുടെ തിരക്കഥയില്‍ അദ്ദേഹത്തിന്‍റെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ഈ ചിത്രം ഒരുക്കുമെന്നാണ് വാര്‍ത്ത വന്നിരുന്നത്. 

എന്നാല്‍ പുതിയ അപ്ഡേറ്റ് പ്രകാരം ലേലം 2 എന്ന സിനിമ സംഭവിക്കില്ലെന്ന് തീര്‍ത്ത് പറയുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാര്‍ സീരിസ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്' പ്രമോഷന്‍ പരിപാടിക്കിടെയാണ് നിഥിന്‍ ലേലം 2 ഉപേക്ഷിച്ച കാര്യം തുറന്നുപറഞ്ഞത്. 

Latest Videos

ലേലം 2 എന്ന പ്രൊജക്ട് എനി നടക്കില്ല. ഇപ്പോള്‍ ഇല്ല എന്നല്ല അത് നടക്കില്ലെന്ന് നിഥിന്‍ പറയുന്നു. എന്താണ് അതിന് കാരണം എന്നത് വ്യക്തിപരമായ കാര്യമാണ് അത് പറയാന്‍ സാധിക്കില്ലെന്നും മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു. 

2019 മുതല്‍ ലേലം 2 എന്നത് വാര്‍ത്തകളില്‍ വന്നിരുന്ന ചിത്രമാണ്. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് പ്രയോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് നേരത്തെയും രണ്‍ജി പണിക്കര്‍ അടക്കം സൂചിപ്പിച്ചിരുന്നു. നിലവില്‍ സുരേഷ് ഗോപിയുടെ പ്രൊജക്ടുകള്‍ കൂടുതലായി പ്രഖ്യാപിക്കുന്ന വേളയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച ഒരു പ്രൊജക്ട് സംബന്ധിച്ചുള്ള അപ്ഡേറ്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 

അബ്കാരികള്‍ക്കിടയിലെ കുടിപ്പകയും ശത്രുതയും പറഞ്ഞ ആക്ഷന്‍ ചിത്രമായിരുന്നു ലേലം. ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997ലാണ് പ്രദർശനത്തിനെത്തിയത്. ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിര്‍മ്മിച്ച ചിത്രം അന്ന് വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. 

സുരേഷ് ഗോപി അഭിനയിച്ച ആനക്കാട്ടിൽ ചാക്കോച്ചി എന്ന നായക വേഷവും, ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന എംജി സോമന്‍റെ വേഷവും സ്ഫടികം ജോർജ്ജ് അവതരിപ്പിച്ച പ്രധാന വില്ലനായ കടയാടി ബേബിയും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു. ഔസേപ്പച്ചൻ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം. 

അനിമല്‍ സംവിധായകനെ ഒന്ന് 'താങ്ങി' കല്‍ക്കി സംവിധായകന്‍; വിവാദമായപ്പോള്‍ പോസ്റ്റിന് പിന്നെ സംഭവിച്ചത് !

'വാഴ' യുടെ റിലീസ് മാറ്റി; രസകരമായ കാരണം വ്യക്തമാക്കി അണിയറക്കാര്‍

click me!