'എന്തായാലും ആ സിനിമ സംഭവിക്കും', 'ദശമൂലം ദാമു' എത്തുമെന്ന് സുരാജ്

By Web Team  |  First Published Apr 23, 2023, 10:51 AM IST

 'ചട്ടമ്പിനാട്' എന്ന സിനിമയിലെ കഥാപാത്രം വീണ്ടും എത്തുമെന്ന് സുരാജ്.


സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം 'ദശമൂലം ദാമു' നായകനാകുകയാണ്. 'ചട്ടമ്പിനാട്' എന്ന സിനിമയിലെ കഥാപാത്രം നായകനാകുന്ന പ്രൊജക്റ്റ് ഒരുക്കുന്നത് രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ്. രതീഷ് ബാലകൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. എന്തായാലും ആ സിനിമ സംഭവിക്കുമെന്ന് സുരാജ് വെഞ്ഞാറമൂട് ഉറപ്പുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

'ദശമൂലം ദാമു' കഥാപാത്രമാകുന്ന ചിത്രം കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപിച്ചതാണ്. 'മദനോത്സവം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ അക്കാര്യം വീണ്ടും പറഞ്ഞിരിക്കുകയാണ് സുരാജ്. എന്തായാലും ആ സിനിമ സംഭവിക്കും. രതീഷ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്, അതുകൊണ്ട് ഞാനും അതിലുണ്ടാകും എന്ന് സുരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Latest Videos

'മദനോത്സവം' എന്ന ചിത്രത്തില്‍ ബാബു ആന്റണിയും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. വിഷു റിലീസ് ചിത്രങ്ങളിൽ വച്ചേറ്റവും മികച്ച അഭിപ്രായം നേടിയ 'മദനോത്സവം' ഒരു ക്ലീൻ ഫാമിലി എന്റർടെയ്‍നറാണ്. അജിത് വിനായക ഫിലിംസാണ് നിര്‍മാണം. നവാഗതനായ സുധീഷ് മോഹൻ സംവിധാനം ചെയ്‍തിരിക്കുന്നു.

രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്‍ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്‍നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍ ആണ്.  സമീപകാലത്ത് സുരാജ് ചെയ്‍ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‍തമാണ് 'മദനോത്സവ'ത്തിലെ വേഷം. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'മദനോത്സവം' എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ ആണ്.

Read More: ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു, 'ഏജന്റി'ന്റെ സെൻസര്‍ വിവരങ്ങളും പുറത്ത്

click me!