വിഷയം ഹൈക്കോടതിക്ക് വിട്ടതെന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ദില്ലി: വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് വീണ്ടും സുപ്രീംകോടതി. വിഷയം ഹൈക്കോടതിക്ക് വിട്ടതെന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി നിർദ്ദേശം കേരള ഹൈക്കോടതി പാലിച്ചില്ലെന്നാണ് ഹർജിക്കാരന്റെ വാദം.
അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും. മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിനിമ ഇന്ത്യയുടെ അഖണ്ഡത തകർക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. ഇന്ത്യയുടെ അഖണ്ഡതയെ തടയുമെന്നും പ്രത്യേക മതവിഭാഗത്തിനെതിരായി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. വ്യാജ പ്രചാരണമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്നാട് ഡിജിപ്പിക്കും അരവിന്ദാക്ഷൻ പരാതി നൽകിയിട്ടുണ്ട്. കൂടാതെ തമിഴ്നാട് സർക്കാരിനും കേരള സർക്കാരിനും കേന്ദ്ര സംസ്ഥാന സെൻസർ ബോർഡുകൾക്കും ചിത്രം പ്രദർശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്കും അരവിന്ദാക്ഷൻ പരാതി നൽകി. അതേസമയം, കേരളാ സ്റ്റോറി നാളെ റിലീസ് ചെയ്യാനിരിക്കെ ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന തമിഴ്നാട് പൊലീസ് ഇന്‍റലിജൻസിന്‍റെ രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണിത്. സിനിമയുടെ പ്രദർശനം തടയാനുള്ള ആലോചന നിലവിൽ സർക്കാർ തലത്തിലില്ല.