മികച്ച പ്രതികരണങ്ങളുമായി 'അപ്പൻ' സോണി ലിവില്‍ സ്‍ട്രീമിംഗ് തുടരുന്നു.
സണ്ണി വെയ്ൻ പ്രധാന കഥാപാത്രമായ 'അപ്പൻ' പ്രേക്ഷക ശ്രദ്ധ നേടുന്നു. ഈ വര്‍ഷമിറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും മികച്ച ഒന്ന് എന്ന പ്രതികരണമാണ് 'അപ്പൻ' എന്നാണ് പ്രതികരണങ്ങള്‍. ചിത്രത്തിന്റെ തിരക്കഥയും അഭിനയവുമാണ് 'അപ്പൻ' മികവിലേക്കുയരാൻ കാരണം. സണ്ണി വെയ്ൻ, അനന്യ, അലൻസിയർ,പൗളി വത്സന്‍ ഇവരെ കൂടാതെ പേര് അറിയാത്ത ഒരുപാട് കലാകാരന്മാർ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‍ചവെച്ചതിനാലാണ് ചിത്രം ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത്.
സണ്ണി വെയ്ൻ അവതരിപ്പിച്ച 'ഞ്ഞൂഞ്' എന്ന കഥാപാത്രം ചിത്രം കണ്ടുകഴിഞ്ഞാലും മനസില്‍ മായാതെ നില്‍ക്കും. തന്റെ അപ്പൻ ചെയ്‍ത കൊള്ളരുതായ്‍മയ്ക്ക് എല്ലാം അനുഭവിക്കേണ്ടി വരുന്നത് 'ഞ്ഞൂഞ്ഞിനാണ്. 'ഞ്ഞൂഞ്' തന്റെ കഷ്‍ടപ്പാടുകൾ, വിഷമതകൾ എല്ലാം പറയുമ്പോൾ പ്രേക്ഷകനിൽ ഉണ്ടാകുന്ന വിങ്ങൽ അത് സണ്ണി വെയ്ൻ എന്ന പ്രതിഭയുടെ അടയാളമാണ്, അടയാളപ്പെടുത്തലാണ്. ചിത്രത്തിൽ മിന്നിമറയുന്ന ഓരോ ഭാവങ്ങളും ഏറെ ശ്രദ്ധയോടെ തന്മയത്വത്തോടെ അവതരിപ്പിച്ചുകൊണ്ട് സണ്ണി വെയ്ൻ എന്ന നടൻ നടന്ന് അടുക്കുന്നത് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിലേക്കാണ്. ഇനിയും മികച്ച കഥാപാത്രങ്ങൾ സണ്ണി വെയ്ൻ എന്ന നടനെ കൊണ്ട് പകർന്നാടാൻ കഴിയും എന്ന് 'അപ്പൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ബോധ്യമായതാണ്. സണ്ണി വെയ്‍നെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 'ഫ്രഞ്ച് വിപ്ലവം' എന്ന ചിത്രത്തിന് ശേഷം മജു ആണ് 'അപ്പൻ' സംവിധാനം ചെയ്‍തിരിക്കുന്നത്.
'അപ്പൻ' കണ്ടതിനു ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്- എഴുത്തുകൊണ്ട്, കഥാപാത്രസൃഷ്‍ടികൾ കൊണ്ട്, അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കൊണ്ട് മനസ്സിലേക്ക് ചേക്കേറുന്ന 'അപ്പൻ'. സണ്ണീ.. കലക്കിയെടാ. ഇതാണ് നുമ്മ പറഞ്ഞ നടൻ എന്ന് അഭിമാനത്തോടെ പറയിപ്പിച്ചു കളഞ്ഞു. 'ഞ്ഞൂഞ്ഞ്' മനസ്സിൽ നിന്ന് മായില്ല. അലൻസിയർ ചേട്ടൻ ഗംഭീരം. സ്‌ക്രീനിൽ നിന്ന് വലിച്ചു പുറത്തിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിപ്പിച്ച പ്രകടനം. പൗളി ചേച്ചി, അനന്യ, ഗ്രേസ്, പേരുകൾ പോലും അറിയാത്ത കലാകാരന്മാർ, എല്ലാവരും പരസ്‍പരം മത്സരിച്ചു അഭിനയിച്ചു തകർത്ത പടം. കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ഒരു സിനിമ എന്നാണ് തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി അഭിപ്രായപ്പെട്ടത്.
ആദ്യാവസാനം സസ്‍പൻസ് നിലനിർത്തുന്ന ചിത്രമാണ് 'അപ്പൻ'. കുടുംബ കഥയാണെങ്കിലും ഡാർക്ക് കോമഡി വിഭാഗത്തിൽ പെട്ട ചിത്രം ഓരോ നിമിഷവും പ്രേക്ഷകനിൽ അമർഷവും ചങ്കിടിപ്പും കൂട്ടുന്നുണ്ട്. സംവിധായകൻ മജുവും ആര്‍ ജയകുമാറും ചേര്‍ന്നെഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥ കാരമുള്ളിന്റെ മൂർച്ചയുള്ളതാണ്. 'വെള്ളം' എന്ന ചിത്രത്തിന് ശേഷം ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേര്‍ന്ന് നിര്‍മിച്ച 'അപ്പൻ സോണി ലിവിൽ ലഭ്യമാണ്.
Read More: വൻ തിരിച്ചുവരവിനായി ഷാരൂഖ് ഖാൻ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങള്‍