നടനും ആക്ഷന്‍ കൊറിയോഗ്രഫറുമാണ് ബസന്ത് രവി
സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പലപ്പോഴും സെപ്പറേറ്റ് ഫാന്‍ ബേസ് ഉണ്ടാവാറുണ്ട്. ആക്ഷന്‍ ജോണറില്‍ പെട്ട ചിത്രങ്ങള്‍ അല്ലെങ്കില്‍പ്പോലും മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കാനാവില്ല. ഇപ്പോഴിതാ മലയാളം സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് നടനും ആക്ഷന്‍ കൊറിയോഗ്രഫറുമായ ബസന്ത് രവി. ടൂറിംഗ് ടാക്കീസ് എന്ന തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബസന്ത് മലയാളത്തിലെ തന്‍റെ അനുഭവം പറയുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് ഫൈറ്റ് സീനുകള്‍ മനോഹരമായി ചെയ്യുന്നത് എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന് ബസന്തിന്‍റെ മറുപടി ഇങ്ങനെ...
"മമ്മൂട്ടി സാറിനൊപ്പം ഫൈറ്റ് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. മോഹന്‍ലാല്‍ സാറിനൊപ്പം ഫൈറ്റ് ചെയ്യാന്‍ ഈസി ആണ്. അദ്ദേഹം കളരി അടക്കമുള്ള ആയോധന മുറകളൊക്കെ അഭ്യസിച്ചിട്ടുണ്ട്. ടൈമിംഗ് ഒക്കെ ഗംഭീരമാണ്. വേറെ ലെവല്‍ സിംക്രണൈസേഷന്‍ ആണ്. ഞാന്‍ അലിഭായ് എന്നൊരു സിനിമ ചെയ്തിരുന്നു. അതില്‍ ഒരു അംബാസിഡര്‍ കാര്‍ ജംപ് ചെയ്ത് വരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹം പെര്‍ഫെക്റ്റ് ആയി ചെയ്തു. എല്ലാ നായകന്മാര്‍ക്കും അത് ചെയ്യാന്‍ പറ്റില്ല. ഫൈറ്റ് സീനുകളില്‍ മികച്ച ടൈമിംഗ് ആണ് മോഹന്‍ലാല്‍ സാറിന്", ബസന്ത് പറയുന്നു.
"മമ്മൂട്ടി സാര്‍ ഗംഭീര ആക്റ്റര്‍ ആണ്. അതില്‍ തര്‍ക്കമൊന്നുമില്ല. എല്ലാവര്‍ക്കും എല്ലാത്തിലും അഭിരുചി ഉണ്ടാവില്ലല്ലോ. ഫൈറ്റ് സീനുകളും അദ്ദേഹം നന്നായി ചെയ്യും. പക്ഷേ നമ്മള്‍ സിംക്രണൈസേഷന്‍ ചെയ്യേണ്ടിവരും. മോഹന്‍ലാല്‍ സാര്‍ ആണെങ്കില്‍ മുന്നിലേക്ക് വന്ന് അടിച്ചോളും. മമ്മൂട്ടി സാര്‍ ആണെങ്കില്‍ മുന്നിലേക്ക് ഞാന്‍ വരണം. അതിനാല്‍ രണ്ട് പേര്‍ക്കും എന്നെ ഇഷ്ടമാണ്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കും വലിയ സന്തോഷമാണ്", ബസന്തിന്‍റെ വാക്കുകള്‍
"പുതിയ തലമുറ നടന്മാര്‍ ഒക്കെ വരുമ്പോള്‍ സിംക്രണൈസേഷന്‍ ഇല്ലാതെ ഡയറക്റ്റ് ആയി നമ്മുടെ ശരീരത്തിലേക്ക് അടിക്കും. അതിന്‍റെ ഒരു ട്രിക്ക് അവര്‍ക്ക് അറിയാത്തതുകൊണ്ടാണ്. ഇപ്പോഴുള്ള ഹീറോസ് ഒക്കെ പഠിച്ചിട്ട് വരുന്നവരാണ്. ഇടയില്‍ വന്ന ഒരു തലമുറയ്ക്കാണ് ആ പ്രശ്നം കൂടുതല്‍ ഉണ്ടായിരുന്നത്. മുഖത്തേക്കൊക്കെ നേരിട്ട് അടി വരുമായിരുന്നു", ബസന്ത് രവി പറഞ്ഞ് അവസാനിപ്പിക്കുന്നു.
ALSO READ : 'കുട്ടൻ്റെ ഷിനിഗാമി'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു