ഷങ്കറിന്‍റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി.
ഹൈദരാബാദ്: ഷങ്കറിന്‍റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനാവുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ എത്തുന്നത് എന്നാണ് സൂചന.
ഇന്ത്യന്‍ 2 ന്‍റെ വന്‍ പരാജയത്തിന് ശേഷമെത്തുന്ന ഷങ്കര്‍ ചിത്രം എന്ന നിലയില്‍ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍. പല കാരണങ്ങളാല്‍ ഇന്ത്യന്‍ 2 നീണ്ടുപോയതിനാല്‍ പൂര്‍ത്തിയാകാന്‍ വൈകിയ ചിത്രം കൂടിയാണ് ഇത്. ഇതിന്‍റെ പേരില്‍ ഷങ്കറിനെതിരെ രാം ചരണ്‍ ആരാധകര്‍ പലവട്ടം സോഷ്യല്‍ മീഡിയയിലൂടെ ക്യാംപെയ്ന്‍ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ട്രെയിലര്‍ പുറത്തുവിട്ട ചടങ്ങില്‍ സംവിധായകന്‍ എസ്എസ് രാജമൗലിയും എത്തിയിരുന്നു. രാജമൗലിയും ഷങ്കറും ഒന്നിച്ചിരുന്നാണ് ട്രെയിലര്‍ കണ്ടത്. ചിത്രത്തെക്കുറിച്ചും, രാം ചരണിനെക്കുറിച്ചും ഷങ്കറിന്‍റെ സംവിധാനത്തെക്കുറിച്ചും നല്ല വാക്കുകളാണ് ട്രെയിലര്‍ കണ്ടശേഷം രാജമൗലി പറഞ്ഞത്.
"ഷങ്കര്‍ സാറിന്‍റെ ആദ്യ തെലുങ്ക് സിനിമയാണ് ഇതെന്ന് അവർ എന്നോട് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി. കാരണം, തെലുങ്ക് പ്രേക്ഷകർക്ക് ഷങ്കർ സാർ എപ്പോഴും ഒരു തെലുങ്ക് സംവിധായകനാണ്. ഞങ്ങൾക്കെല്ലാം ശങ്കർ സാറിനോട് വലിയ ബഹുമാനമുണ്ട്. കഴിഞ്ഞ 10 വർഷമായി, ഞങ്ങൾ പാൻ-ഇന്ത്യ സിനിമകൾ നിർമ്മിക്കുന്നു, അത്തരം ഒരു അവസരം നൽകിയതിന് ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച വ്യക്തിയാണ് ഷങ്കര്‍ സാര്‍.
അദ്ദേഹത്തിന്‍റെ ട്രെയിലറിൽ വിസ്മയിപ്പിക്കുന്നതും ആവേശകരവുമായ നിരവധി ഷോട്ടുകൾ ഉള്ളതുമാണ്. ജനുവരി 10ന് തിയേറ്ററുകളിൽ ചരണിന്‍റെ പ്രകടനത്തോട് ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ" എന്നാണ് ട്രെയിലര്‍ ലോഞ്ചില്‍ രാജമൗലി പറഞ്ഞത്.
ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലറിന് 2.40 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
രാജു, സിരീഷ്, സീ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം തമന്‍ എസ്, കലാസംവിധാനം അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍പറിവ്, നൃത്തസംവിധാനം പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ ലെസ്‍ലി മാര്‍ട്ടിസ്, ജാനി, സാന്‍ഡി, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, ആന്‍റണി റൂബന്‍, സൗണ്ട് ഡിസൈന്‍ ടി ഉദയ് കുമാര്‍. ജനുവരി 10 ന് തിയറ്ററുകളിലെത്തും.
പൊടിപൊടിക്കുന്ന ബിസിനസ്, ഗെയിം ചേഞ്ചര്‍ സിനിമ റിലീസിനുമുന്നേ നേടിയത് ഞെട്ടിക്കുന്ന തുക
'ഇന്ത്യന്‍ 2' ന്‍റെ പരാജയത്തിന് മറുപടി നല്‍കാന്‍ ഷങ്കര്‍; 'ഗെയിം ചേഞ്ചര്‍' ട്രെയ്‍ലര്‍