'കൃഷ്‍ണന്‍റെയും കുചേലന്‍റെയും സൗഹൃദം കഥ പറയുമ്പോള്‍ ആയ വഴി'; ശ്രീനിവാസന്‍ പറയുന്നു

By Web Team  |  First Published Apr 5, 2023, 2:00 PM IST

"അത് ഇപ്പോഴത്തെ കാലത്ത് സിനിമാറ്റിക് ആയിട്ട് എങ്ങനെ ചെയ്യാന്‍ പറ്റും എന്ന ആലോചനയായി"


വലിയ ജനപ്രീതി നേടിയ നിരവധി സിനിമകള്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ പല കാലത്തായി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. 2000 ന് ശേഷമുള്ള ചിത്രങ്ങളില്‍ അത്തരത്തില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു കഥ പറയുമ്പോള്‍. ശ്രീനിവാസന്‍റെ തിരക്കഥയില്‍ എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും ശ്രീനിവാസനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ആയി എത്തിയ ചിത്രത്തില്‍ ബാലന്‍ എന്ന ബാര്‍ബര്‍ ആയിരുന്നു ശ്രീനിവാസന്‍റെ കഥാപാത്രം. മലയാളത്തില്‍ വന്‍ വിജയം നേടിയ ചിത്രം പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെട്ട വഴിയെക്കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് കഥയിലേക്ക് വന്നതെന്ന് പറയുന്നു അദ്ദേഹം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇതേക്കുറിച്ച് പറയുന്നത്.

ശ്രീനിവാസന്‍ പറയുന്നു

Latest Videos

പെട്ടെന്ന് ഒരു സ്പാര്‍ക്ക് കിട്ടുന്ന കഥകളുണ്ട്. കഥ പറയുമ്പോള്‍ എന്ന സിനിമയുടെ കഥ ഉണ്ടായത് അമേരിക്കയില്‍ വച്ചിട്ടാണ്. മേഡ് ഇന്‍ യുഎസ്‍എ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ്. ഞാന്‍ താമസിക്കുന്നതിന് അപ്പുറത്തെ അപ്പാര്‍ട്ട്മെന്‍റിലാണ് ഇന്നസെന്‍റും ഭാര്യയും താമസിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ ഇന്നസെന്‍റിന്റെ ഭാര്യ ഭക്ഷണമുണ്ടാക്കി ഞങ്ങള്‍ കഴിക്കും. അതിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ വേണ്ടി ഞാനൊരു സാമ്പാര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കുചേലനും ശ്രീകൃഷ്ണനുമായിട്ടുള്ള സൗഹൃദത്തിന്‍റെ കഥയെക്കുറിച്ചുള്ള ഒരു മിന്നല്‍ എന്‍റെ തലയിലൂടെ പോയത്. അത് ഇപ്പോഴത്തെ കാലത്ത് സിനിമാറ്റിക് ആയിട്ട് എങ്ങനെ ചെയ്യാന്‍ പറ്റും എന്ന ആലോചനയായി. ശ്രീകൃഷ്ണന്‍റെ ലെവലില്‍ മിനിമം ഒരു സിനിമാതാരം എങ്കിലും ആയിരിക്കണം. അതാണ് മമ്മൂട്ടിയുടെ കഥാപാത്രം. അതിന്‍റെ അവസാനത്തെ സീന്‍ ആണ് എന്‍റെ മുന്നില്‍ ആദ്യം തെളിഞ്ഞത്. അപ്പോള്‍ത്തന്നെ കുറേ കാര്യങ്ങള്‍ എഴുതി. രണ്ട്, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് അത് സിനിമ ആയത്. 

ALSO READ : 'ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട സീക്വന്‍സുകള്‍'; 'വാലിബന്‍റെ' രാജസ്ഥാന്‍ ഷെഡ്യൂളിനെക്കുറിച്ച് ലിജോ

click me!