'ആരെയും തെറി വിളിച്ചില്ല'; തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി

By Web Team  |  First Published Sep 24, 2022, 12:00 PM IST

വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്ന് പെലീസ് വ്യക്തമാക്കിയിട്ടുണ്ട്


യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആരെയും തെറി വിളിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. താന്‍ നായകനായ പുതിയ ചിത്രം ചട്ടമ്പി തിയറ്ററില്‍ കണ്ട് മടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍. 

ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച എന്നെക്കുറിച്ചുണ്ട്. എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല, ശ്രീനാഥ് ഭാസി പറഞ്ഞു. 

Latest Videos

ചട്ടമ്പി സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു യുട്യൂബ് ചാനല്‍ അവതാരകയുടെ ചോദ്യങ്ങളോടാണ് മോശമായി പ്രതികരിച്ചതെന്ന് പരാതി ഉയര്‍ന്നത്. അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതി. കൊച്ചി മരട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ആദ്യം ചോദ്യങ്ങൾക്ക് മാന്യമായി മറുപടി നൽകിയെങ്കിലും പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ തന്നോടും ക്യാമറാമാനോടും മോശമായ ഭാഷയിൽ സംസാരിച്ചു. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നു മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. പരാതിക്കാരിയുടെ മൊഴി നേരത്തേ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും പെലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ : 'എന്താണ് ടിനി നിങ്ങള്‍ ടീസര്‍ ചോയ്‍ച്ചോ'? 'വെടിക്കെട്ടി'ന്‍റെ ടീസര്‍ പുറത്തിറക്കുക ബാല, പൃഥ്വിരാജ്...

അതേസമയം ചട്ടമ്പി ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ്  പറയുന്നത്. ശ്രീനാഥ് ഭാസിക്കു പുറമെ ചെമ്പന്‍ വിനോദ് ജോസ്, മൈഥിലി, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

click me!