പുഷ്പ 1 ല്‍ സാമന്ത റൂത്ത് പ്രഭുവാണ് നൃത്ത രംഗത്തിനായി എത്തിയത്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുഷ്പ 2 നോളം പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന അധികം ചിത്രങ്ങളില്ല. 2021 ല്‍ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് നേടിയ വമ്പന്‍ ജനപ്രീതി തന്നെ ഇതിന് കാരണം. ഹിന്ദി പതിപ്പ് മാത്രം 200 കോടിയിലേറെ കളക്റ്റ് ചെയ്ത ചിത്രമായിരുന്നു ഇത്. ഡിസംബര്‍ 5 ന് എത്താനിരിക്കുന്ന പുഷ്പ 2 ന്റെ ഓരോ പുതിയ അപ്ഡേറ്റും വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ചിത്രത്തിലേക്കുള്ള തെലുങ്ക്, കന്നഡ താരം ശ്രീലീലയുടെ എന്‍ട്രി.
പുഷ്പ ആദ്യ ഭാഗത്തിന്റെ ജനപ്രീതിയില്‍ പങ്കുവഹിച്ച ഒന്നായിരുന്നു സാമന്തയുടെ നൃത്തരംഗങ്ങളുമായെത്തിയ ഓ അണ്ടവാ എന്ന ഗാനം. രണ്ടാം ഭാഗത്തില്‍ ആ സ്ഥാനത്ത് എത്തുന്നത് ശ്രീലീലയാണ്. ഇപ്പോഴിതാ ഈ ഗാനനൃത്ത രംഗത്തില്‍ മാത്രം അഭിനയിക്കുന്നതിന് ശ്രീലീലയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 2-3 കോടിയാണ് ശ്രീലീലയ്ക്ക് ഈ രംഗത്തിന്റെ ചിത്രീകരണത്തിനായി ലഭിക്കുന്നതെന്ന് ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
ചെറിയ കാലം കൊണ്ട് കരിയറില്‍ വലിയ വളര്‍ച്ച ഉണ്ടാക്കിയ താരമാണ് ശ്രീലീല. 2019 ല്‍ പുറത്തെത്തിയ കന്നഡ ചിത്രം കിസിലൂടെ അരങ്ങേറിയ ശ്രീലീല തെലുങ്കില്‍ പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. രവി തേജയുടെ ധമാക്ക, നന്ദമൂരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി, മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നു. വലിയ വിജയം നേടിയ ഭഗവന്ത് കേസരിയില്‍ ശ്രീലീല വാങ്ങിയത് 1.5 കോടി ആണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ശ്രീലീല 3 കോടിയായി പ്രതിഫലം ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്തായാലും പുഷ്പ 2 ലെ ഗാനരംഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.