എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കൊവിഡ് നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി
ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്ന പ്രസ്താവന തിരുത്തി മകൻ എസ്പി ചരൺ. എസ്പിബി കൊവിഡ് മുക്തനായെന്ന മകന്‍റെ പ്രസ്താവന എംജിഎംആശുപത്രി നിഷേധിച്ചതിന് പിന്നാലെയാണ് തിരുത്ത്. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കൊവിഡ് നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.
ഇതിന് പിന്നാലെ എസ്പി ചരണ്‍ പ്രസ്താവന തിരുത്തി. തെറ്റിധാരണയുടെ പുറത്തുണ്ടായ പ്രചരണമെന്നും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നതായി ചരൺ വ്യക്തമാക്കി. ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ് പി ബാലസുബ്രഹ്മണ്യം തന്നെ പുറത്തുവിട്ടിരുന്നു.
തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്‍റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.