ബേസിൽ-നസ്രിയ കോമ്പോ ഒന്നിച്ച 'സൂക്ഷ്മദർശിനി' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വീടുകൾ കണ്ടെത്തിയ കഥ
കൊച്ചി: ബേസിൽ - നസ്രിയ കോമ്പോ ഒന്നിച്ചെത്തിയ 'സൂക്ഷ്മദർശിനി' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. ചിതം മൂന്നാം വാരത്തിലും ഹൗസ്‍ഫുൾ ഷോകളുമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. എം സി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളുടെ വീടുകള്‍ ലഭിക്കാൻ വേണ്ടിയും പത്രത്തിൽ പരസ്യം ചെയ്യേണ്ടി വന്നുവെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ കലാസംവിധായകനായ വിനോദ് രവീന്ദ്രൻ.
''ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മാനുവലിന്‍റേയും പ്രിയദര്‍ശിനിയുടെയും വീടുകള്‍ കിട്ടാൻ പ്രയാസമായിരുന്നു. ഒടുവിൽ പത്രത്തിൽ പരസ്യം ചെയ്താണ് അതു കണ്ടെത്തിയത്. അവസാനം കോലഞ്ചേരിയിൽ കണ്ടെത്തിയ വീടുകൾ സിനിമയ്ക്ക് ഏകദേശം ഓകെ ആയി. ശേഷം ചില കൂട്ടിച്ചേർക്കലുകള്‍ നടത്തി. പ്രിയയുടെ വീട്ടിൽ നിന്ന് മാനുവലിന്‍റെ വീട്ടിലേക്കു നോക്കുന്ന ഒരു ജനലും അവിടെയൊരു അടുക്കളയും ഒരുക്കി. പ്രിയയുടെ വീടായി കണ്ടെത്തിയത് സത്യത്തിൽ ചെറിയൊരു വീടായിരുന്നു. അവിടെ അടുക്കളയും സിനിമയ്ക്ക് ആവശ്യമായ ചില കാര്യങ്ങളും സെറ്റിട്ടെടുത്തു.
മാനുവലിന്‍റേയും പ്രിയയുടേയും വീടുകൾ ശരിക്കും ചേട്ടൻ–അനിയന്മാരുടെ വസ്തു ആണ്. ആ രണ്ടു വീടുകൾക്കിടയിൽ ചെറിയ മതിലൊന്നും ഇല്ലായിരുന്നു. സിനിമയുടെ കഥയ്ക്ക് അനുയോജ്യമായി പ്രിയദർശിനിക്ക് എളുപ്പത്തിൽ എടുത്തു ചാടാൻ കഴിയുന്ന ഉയരത്തിൽ അത് സെറ്റിട്ടു. അതുപോലെ തന്നെ മാനുവലിന്‍റെ വീട്ടിൽ പ്രിയദർശിനി കയറുന്ന ഗ്രില്ലും പ്രത്യേകം സെറ്റിട്ടതാണ്, പ്രേക്ഷകർക്ക് വിശ്വസനീയമായ രീതിയിൽ അത് വരണമല്ലോ, അതോടൊപ്പം ആർടിസ്റ്റിന് വലിയ ടെൻഷനില്ലാതെ കയറാനും പറ്റണം എന്നതായിരുന്നു ഞങ്ങളുടെ ചലഞ്ച്.
വീടിന്‍റെ ഗേറ്റ് അടക്കം പുതുതായി ചെയ്തെടുക്കുകയായിരുന്നു. പ്രിയദര്‍ശിനി അടുക്കളയിൽ നിന്ന് നോക്കുന്ന കളർഫുൾ ജനാലയും ചെയ്തെടുത്താണ്. പ്രിയദര്‍ശിനിയുടെ കണ്ണിന്‍റെ വലുപ്പത്തിൽ ജനാലയുടെ നടുവിൽ വൃത്താകൃതിയിലുള്ള ദ്വാരം ഡിസൈൻ ചെയ്തെടുക്കുകയായിരുന്നു. ആ വീട്ടിൽ താമസിച്ചിരുന്നവരെ രണ്ടു മാസത്തേക്ക് വേറെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചായിരുന്നു ഷൂട്ട് നടന്നത്. ഒരു മാസത്തോളം സെറ്റ് വർക്കിന് വേണ്ടി വന്നു. ഈ രണ്ടു വീടുകൾക്കും ഇടയിലുള്ള മതിലിന് അടുത്തുള്ള കറിവേപ്പിലയുടെ മരം അവിടെ ഉണ്ടായിരുന്നില്ല. അത് വെച്ചുപിടിപ്പിച്ചതാണ്'', വിനോദ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
ബേസിലിന്‍റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.
നസ്രിയ vs ഫഹദ്: ബോക്സോഫീസിൽ 'കുടുംബപ്പോര്'