മ്യാവൂവിനു ശേഷമുള്ള ലാല്‍ജോസ് ചിത്രം
മ്യാവൂവിനു ശേഷം ലാല്‍ജോസ് (Laljose) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ജോജു ജോര്‍ജ് (Joju George). സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സോളമന്‍റെ തേനീച്ചകള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. സോളമനായി എത്തുന്നത് ജോജുവാണ്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എല്‍ ജെ ഫിലിംസിന്‍റെ ബാനറില്‍ ലാല്‍ജോസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും.
പി ജി പ്രഗീഷ് ആണ് ചിത്രത്തിന്‍റെ രചന. മൂന്നു വർഷം മുൻപ് ലാൽ ജോസ് ഒരുക്കിയ ബിജു മേനോൻ ചിത്രമായ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ചത് പി ജി പ്രഗീഷ് ആയിരുന്നു. ജോജുവിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോണി ആന്‍റണിയാണ്. കൂടാതെ മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോ നായിക നായകനിലെ വിജയികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വിദ്യാസാഗര്‍ ആണ്. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലെസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വിദ്യാസാഗർ ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസുമായി വീണ്ടും ഒന്നിക്കുന്നു എന്നതും സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ സവിശേഷതയാണ്. ഛായാഗ്രഹണം അജ്മല്‍ സാബുവും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമുമാണ് നിര്‍വ്വഹിക്കുന്നത്.
ഇക്ബാൽ കുറ്റിപ്പുറം രചിച്ചു സൗബിൻ ഷാഹിർ നായകനായി വന്ന മ്യാവു ആയിരുന്നു ലാൽ ജോസിന്റെ തൊട്ടു മുൻപത്തെ റിലീസ്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം എഴുതിയ തിരക്കഥയായിരുന്നു ഇത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ്, യാസ്‍മിന എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഒപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുകൂട്ടം പ്രവാസി കലാകാരന്മാരും. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 24ന് തിയറ്ററുകളില്‍ എത്തിയ ചിത്രം പിന്നീട് ഒടിടി റിലീസ് ആയി ആമസോണ് പ്രൈം വീഡിയോയിലും എത്തിയിരുന്നു.
അതേസമയം കമല്‍ കെ എം സംവിധാനം ചെയ്യുന്ന പടയാണ് ജോജുവിന്‍റെ അടുത്ത റിലീസ്. അരവിന്ദന് മണ്ണൂര്‍ എന്നാണ് ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രമെന്നാണ് നേരത്തെ പുറത്തെത്തിയ ടീസര്‍ അടക്കം നല്‍കിയ സൂചന. 2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് കമല്‍ കെ എം. ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് പടയുടെ നിര്‍മ്മാണം.