
കൊച്ചി: വില്ലനായും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങുന്ന ഷൈൻ ടോം ചാക്കോയുടെ പ്രത്യക്ഷ ലഹരി ഉപയോഗത്തിന്റെ സൂചനകൾ ഇത് ആദ്യമായല്ല പുറത്ത് വരുന്നത്. കൊക്കെയ്ൻ കേസിൽ പ്രതിയായിട്ടും മികച്ച അഭിനയത്തിന്റെ ആനുകൂല്യത്തിൽ നടൻ ലഹരി ഉപയോഗം തുടർന്നിട്ടും സിനിമ സംഘടനകളും കയറൂരി വിട്ടു. പലവട്ടം തുടങ്ങിയിട്ടും പൊലീസ് പാതിവഴിയിൽ അവസാനിപ്പിച്ച മലയാള സിനിമ ലഹരി ഉപയോഗത്തിലേക്ക് പുതിയ ഷൈൻ എപ്പിസോഡിലൂടെ റി എൻട്രി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
സിനിമയിൽ കാണുന്ന വില്ലനേക്കാൾ കുപ്രസിദ്ധിയിലേക്ക് ഷൈൻ ടോം ചാക്കോ എന്ന നടൻ എത്തിപ്പെട്ടത് വെറും യാദൃശ്ചികമല്ല. മുൻനിര സംവിധായകരുടെ അസിസ്റ്റൻഡ് ഡയറക്ടറായി സിനിമയിലെത്തിയ ഷൈൻ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ പിടിച്ച് പറ്റുന്നതിനിടെയിലാണ് 2015ൽ കൊച്ചിയിലെ കൊക്കൈയ്ൻ പാർട്ടി കേസ്. 2018 ൽ കേസിൻ്റെ വിചാരണ തുടങ്ങുമ്പോഴും നടനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ക്രൂരനായ വില്ലനായും, തന്മയത്വമുള്ള സ്വഭാവനടനായും തിളങ്ങുമ്പോഴും തുരുതുരെ നടനെതിരെ ഒളിഞ്ഞും തെളിഞ്ഞും ലഹരി ഉപയോഗത്തിന്റെ പ്രത്യക്ഷ സൂചനകൾ പുറത്ത് വന്ന് കൊണ്ടേയിരുന്നു. വെള്ളിത്തിരയേക്കാൾ വില്ലത്തരം പുറത്ത് കൊണ്ട് നടന്നു. മലയാള സിനിമയിലെ മറ്റ് നടന്മാർക്കെതിരെ സമാന ആരോപണങ്ങളുയർന്നപ്പോൾ ഷൈൻ തന്റേത് ഭൂതകാലമെന്ന് പറഞ്ഞൊഴിഞ്ഞു. എന്നിട്ടും ഷൈൻ പറഞ്ഞതല്ല പ്രവർത്തിയെന്നതിന് പല അഭിമുഖങ്ങളും നേർസാക്ഷ്യങ്ങളായി.
മികച്ച നടനായി കത്തിനിൽക്കുന്പോഴും കൈവിട്ട പരാമർശങ്ങളും കലഹങ്ങളും കൊണ്ട് ഏവരെയും അമ്പരിപ്പിച്ചു. അപ്പോഴും അമ്മ താരസംഘടനയും ഫിലിം ചേമ്പറും നടനെ വിളിച്ച് വരുത്തി താക്കീത് ചെയ്യാൻ പോലും മുതിർന്നില്ല. ഈ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് തന്നെ ആദ്യമായി രജിസ്റ്റർ ചെയ്ത ഷൈൻ പ്രതിയായ ലഹരിക്കേസ് പൊലീസ് വീഴ്ച കൊണ്ട് പൊളിഞ്ഞത്. കേസിൻറെ വിധ പ്രസ്താവ്തതിൽ പ്രോസിക്യൂഷനെതിരെ ഗുരുതര വിമർശനമാണ് കോടതി ഉന്നയിച്ചത്. ശാസ്ത്രീയ തെളിവുകൾ നടപടിക്രമങ്ങൾ പാലിച്ച് ശേഖരിക്കുന്നതിലെ വീഴ്ച, കേസിലെ സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളിലെ വൈരുദ്ധ്യവുമാണ് ഷൈനും കൂട്ടുപ്രതികൾക്കും രക്ഷയായത്. ഇതിനിടെയിലാണ് സ്ഥിരം പ്രശ്നക്കാരനെതിരെ ഗുരുതര സ്വഭാവത്തിലുള്ള കൂടുതൽ പരാതികളെത്തുന്നത്. പുതിയ പരാതികളിലെ അന്വേഷണം ശാസ്ത്രീയമായി എങ്ങനെ പൂർത്തിയാക്കാൻ കഴിയുമെന്നതിലാകും പുതിയ പരാതികളുടെ ഭാവി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ