ആദ്യഭാഗത്തിന്‍റെ ചിത്രീകരണം 2023 മധ്യത്തോടെ ആരംഭിക്കും
പൊന്നിയിന്‍ സെല്‍വനു പിന്നാലെ മറ്റൊരു തമിഴ് നോവല്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് എഴുത്തുകാരന്‍ സു വെങ്കടേശന്‍ എഴുതിയ വേല്‍പാരി എന്ന നോവലാണ് സിനിമാരൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുക. ബിഗ് സ്ക്രീനില്‍ നിരവധി വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഷങ്കര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തിലെ നായകന്‍.
സംഘകാലത്തിന്‍റെ അവസാന ഘട്ടത്തില്‍ തമിഴ്നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന, വേളിര്‍ പരമ്പരയിലെ ഒരു രാജാവ് ആയിരുന്നു വേല്‍പാരി. വേളിര്‍ പരമ്പരയിലെ രാജാക്കന്മാരില്‍ ഏറ്റവും കേള്‍വികേട്ട അദ്ദേഹത്തിന്‍റെ കലാരസികത്വവും മനുഷ്യാനുകമ്പയുമൊക്കെ ചരിത്ര താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. കവി കപിലരുടെ സുഹൃത്ത് കൂടിയായിരുന്നു വേല്‍പാരി. ആറ് വര്‍ഷത്തെ ഗവേഷണത്തിനു ശേഷം ആനന്ദ വികടന്‍ മാസികയില്‍ 100 ആഴ്ചകളിലായാണ് സു വെങ്കടേശന്‍റെ ബൃഹദ് നോവല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ ലക്കം പുറത്തെത്തിയത് 2018 നവംബറില്‍ ആയിരുന്നു. പിന്നീട് വികടന്‍ പബ്ലിക്കേഷന്‍സ് ഇത് ഒറ്റ പുസ്തകമായും പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെ അധികരിച്ചാണ് ഷങ്കര്‍ സിനിമയൊരുക്കുന്നത്.
ALSO READ : 'ചിന്താമണി കൊലക്കേസി'ന്‍റെ രണ്ടാം ഭാഗം ഉടന്‍? സുരേഷ് ഗോപിയുടെ മറുപടി
സിനിമ മൂന്ന് ഭാഗങ്ങളിലായി ഒരുക്കാനാണ് ഷങ്കറിന്‍റെ പദ്ധതി. ആദ്യഭാഗത്തിന്‍റെ ചിത്രീകരണം 2023 മധ്യത്തോടെ ആരംഭിക്കും. ഷങ്കറിന്‍റെയും രണ്‍വീര്‍ സിംഗിന്‍റെയും ഇതുവരെയുള്ള ഫിലിമോഗ്രഫി പരിഗണിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന ഫ്രാഞ്ചൈസി ആയിരിക്കും ഇത്. ഹീറോയിസം കാണിക്കാന്‍ പറ്റുന്ന നായക കഥാപാത്രവും ജീവിതപാഠങ്ങളും ഒരു പ്രണയകഥയും വിഷ്വല്‍ എഫക്റ്റ്സിനുള്ള സാധ്യതകളും തുടങ്ങി ഒരു ബിഗ് ബജറ്റ് വാണിജ്യ സിനിമയ്ക്കുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ കൃതിയാണ് വേല്‍പാരി. ഇതുതന്നെയാവും ഷങ്കറിനെ പ്രോജക്റ്റിലേക്ക് ആകര്‍ഷിച്ചിരിക്കുന്നതും.
അതേസമയം രണ്‍വീറിനെ നായകനാക്കി 2021 ന്‍റെ തുടക്കത്തില്‍ ഷങ്കര്‍ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു. ഷങ്കറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന അന്ന്യന്‍റെ പുതുകാലത്തെ റീമേക്ക് ആയിരുന്നു ഇത്. എന്നാല്‍ ഈ പ്രോജക്റ്റ് മുന്നോട്ടുപോയില്ല.