'പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്കൂ'; വ്യാജ നിരൂപകര്‍ സിനിമകളെ കൊല്ലുന്നുവെന്ന് ഷെയ്ന്‍ നിഗം

By Web Team  |  First Published Aug 17, 2022, 3:52 PM IST

പണം വാങ്ങി സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നവരുണ്ടെന്ന് ഷെയ്ന്‍


സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുതിയ സിനിമകളെ നിരൂപണം ചെയ്യുന്നുവെന്ന പേരില്‍ ചിലര്‍ പണമുണ്ടാക്കുകയാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. താന്‍ നായകനാവുന്ന പുതിയ ചിത്രം ബര്‍മുഡയുടെ പ്രൊമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ ഇക്കാര്യം ആദ്യമായി ഉന്നയിച്ചത്. സിനിമ ഡീഗ്രേഡ് ചെയ്യാന്‍വേണ്ടി മാത്രം പണം വാങ്ങി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ടെന്നും വലിയ അധ്വാനം നല്‍കി പുറത്തിറക്കുന്ന സിനിമകളെ അത്തരക്കാര്‍ നശിപ്പിക്കുകയാണെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. അഭിമുഖത്തിലെ പരാമര്‍ശത്തിന് തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെയും പ്രതികരിച്ചിരിക്കുകയാണ് ഷെയ്ന്‍.

ഞാന്‍ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പൊ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലായില്ലേ? പണത്തിനു വേണ്ടിയാണ് നിങ്ങളീ ചെയ്യുന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. പൈസ ഉണ്ടാക്കാന്‍ നീ വേറെ വഴി നോക്കൂ. നല്ല സിനിമകളെ കൊന്നിട്ട് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്കരിക്കുക, ഷെയ്ന്‍ കുറിച്ചു.

Latest Videos

താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭൂതകാലം എന്ന ചിത്രം മികച്ച അഭിപ്രായം നേടിയപ്പോള്‍ത്തന്നെ ഇത്തരത്തിലൊരാള്‍ അതിനെ വലിച്ചുകീറിയെന്നും അഭിമുഖത്തില്‍ ഷെയ്ന്‍ ആരോപിച്ചിരുന്നു. മറ്റൊരു ചിത്രമായ ഉല്ലാസത്തിനും സമാന അനുഭവമുണ്ടായതിനാലാണ് പ്രതികരിച്ചതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. അതേസമയം സത്യസന്ധമായി നിരൂപണം നടത്തുന്നവരെയല്ല താന്‍ ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു കമന്‍റിന് മറുപടിയായി ഷെയ്ന്‍ കുറിച്ചിട്ടുണ്ട്.

ALSO READ : കോമഡി ത്രില്ലറുമായി നാദിര്‍ഷ; തിരക്കഥയൊരുക്കുന്നത് റാഫി

ഷെയിന്‍ നിഗത്തിന്‍റെ പുതിയ ചിത്രം ബര്‍മുഡയുടെ സംവിധാനം ടി കെ രാജീവ്‍കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്‍റെ രചന. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

click me!