മോഹൻ‌ ഭാർ​ഗവ കണ്ട ​ഇന്ത്യൻ ​ഗ്രാമങ്ങൾ, ഷാരൂഖ് ഖാന്റെ അഭിനയ ജീവിതത്തിലെ സുവർണരേഖ; 'സ്വദേശി'ന് 20 വയസ്സ്

By Shajahan Kaliyath  |  First Published Dec 18, 2024, 1:19 PM IST

റെയിൽവേ സ്റ്റേഷനിൽ  ബക്കറ്റിൽ ഗ്ലാസിൽ വെള്ളം വിറ്റ് ജീവിക്കുന്ന കുട്ടി മുതൽ ഉന്മാദി ആയ സന്യാസി വരെ വേറിട്ട മനുഷ്യരുടെ ഇന്ത്യയെ കണ്ടെത്തൽ കൂടി ആണ് മോഹന് ആ മടങ്ങി വരവ്.


മുഖ്യധാരാ എന്റർടെയിനർ സിനിമകളുടെ കുത്തൊഴുക്കിൽപ്പെട്ട ഷാറൂഖ് ഖാനെ പിൽക്കാലത്ത് ഒരു നടനെന്ന നിലയിൽ ലോകം ഓ‍ർക്കുമോ? ദീവാന മുതൽ ജവാൻ വരെയുള്ള അയാളുടെ ബ്ലോക് ബസ്റ്റർ സിനിമകളുടെ കുത്തൊഴുക്കിൽ കാലത്തെ അതിജീവീക്കുന്ന ചില സിനിമകളുണ്ട്. അതിലൊന്നാണ് സ്വദേശ്. 

ലഗാന് ശേഷം അശുതോഷ് ഗവാരികർ സംവിധാനം ചെയ്ത  സ്വദേശ്  ഗ്രാമീണ ഇന്ത്യയുടെ ക്ലീഷേവൽക്കരിക്കപ്പെട്ട ചിത്രീകരണത്തെ  മാറ്റിപ്പിടിച്ച ഒന്നായിരുന്നു. നാസയിലെ ശാസ്ത്രജ്ഞൻ മോഹൻ ഭാർഗവ എന്ന ഷാറൂഖ്  അവധിക്കാലത്ത് തന്നെ പരിചരിച്ച  മുത്തശ്ശിയെ പോലെ അടുപ്പമുള്ള ആയയെ  കാണാൻ  നാട്ടിലെത്തുന്നതിൽ തുടങ്ങുന്ന ചിത്രം തന്റെ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യരിൽ നിന്നും ആ നാട്ടിലെയും അയാൾ ചെയ്യുന്ന യാത്രകളിലൂടെ  ഇന്ത്യയുടെയും യഥാർത്ഥ ജീവിതചിത്രം കാണിച്ചുതരുന്നു.

Latest Videos

undefined

റെയിൽവേ സ്റ്റേഷനിൽ  ബക്കറ്റിൽ ഗ്ലാസിൽ വെള്ളം വിറ്റ് ജീവിക്കുന്ന കുട്ടി മുതൽ ഉന്മാദി ആയ സന്യാസി വരെ വേറിട്ട മനുഷ്യരുടെ ഇന്ത്യയെ കണ്ടെത്തൽ കൂടി ആണ് മോഹന് ആ മടങ്ങി വരവ്. ഇന്ത്യൻ ഗ്രാമീണ അന്തരീക്ഷത്തിൽ താമസിക്കാൻ അയാൾക്ക് മടിയാണ്. അതുകൊണ്ട് കാരവനുമായി എത്തിയാണ് അയാൾ കാവേരി അമ്മയുടെ വീടിനടുത്ത് താമസിക്കുന്നത്. ഗ്രാമീണ മേഖലയിലെ വെള്ളത്തിൽ അണുബാധയുണ്ടെന്ന് ധരിച്ച് അയാൾ മിനറൽ വാട്ടർ മാത്രമാണ് കുടിക്കുന്നത്. നാട്ടിൻപുറത്തേക്ക് പോകുമ്പോൾ  അയാൾ ഇന്ത്യയുടെ അവസ്ഥയിലേക്ക് കൂടുതൽ കൂടുതൽ ഇഴുകി ചേരുന്നു. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലൂടെ ഒരു തിരയോട്ടം പോലെ ആ സിനിമ കടന്നുപോകുന്നു. കഥപറച്ചിലിൻ്റെ സൗന്ദര്യം എടുത്ത് പറയേണ്ടതാണ്.

തൻറെ വേരുകളിലേക്കുള്ള മടക്കമാണ് മോഹന് ആ യാത്ര. ദേശീയത,ജാതി,മതം, സഹിഷ്ണുത, സ്ത്രീ ശാക്തീകരണം തുടങ്ങി സുപ്രധാനമായ വിഷയങ്ങൾ ഒട്ടും അതിശയോക്തി ഇല്ലാതെ വിഷം കലർത്താതെ അവതരിപ്പിക്കുന്ന ഈ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം ആയിരുന്നില്ല  പില്ക്കാലത്ത് ഈ സിനിമ പക്ഷെ നമ്മുടെ തൂവാനത്തുമ്പികൾ പോലെ യുവാക്കൾക്കിടയിൽ ഒരു കൾട്ട് ആയി മാറി. ഗൃഹാതുരത, പ്രണയം, ദേശീയത തുടങ്ങിയ വിഷയങ്ങൾ മനോഹരമായി  കൈകാര്യം ചെയ്യുന്നുണ്ട് ഈ സിനിമ.

അയോധ്യ വിടേണ്ടി വന്ന രാമൻ പിന്നീട് അഭയം തേടിയ ചരൻ പൂരിൽ ആണ് മോഹൻ്റെ  ആയ കാവേരി അമ്മ താമസിക്കുന്നത്.ഭക്തി,വിശ്വാസം  തുടങ്ങിയ പശ്ചാത്തലം കൂടി ഈ സിനിമയ്ക്ക് പിന്നാമ്പുറത്ത് ഉണ്ട്. പക്ഷേ ഒട്ടും ക്ഷുദ്രമല്ലാത്ത  സഹിഷ്ണുത ഉള്ള ഇന്ത്യയേ ആണ് സ്വദേശില്‍ കാണാനാവുക. ദൈന്യത , ദാരിദ്ര്യം കടക്കെണി. തുടങ്ങിയ കാര്ഷിക ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾ ഒക്കെ സിനിമ  കൈകാര്യം ചെയ്യുന്നു. 

ബോളിവുഡ് സിനിമകൾക്ക് സാമൂഹ്യ പ്രതിബദ്ധത ഒട്ടും പ്രകടനപരതയില്ലാതെ ആകാമെന്ന് തെളിയിച്ച സിനിമയായിരുന്നു സ്വദേശ്. 20 വർഷത്തിനിപ്പുറം സ്വദേശ് എന്ന സിനിമ പുതിയ തലമുറയിലെ പ്രേക്ഷകർ പോലും നെഞ്ചോട് ചേർക്കുന്നത്  ആ സിനിമയുടെ ഒറിജിനാലിറ്റി കൊണ്ട് കൂടിയാണ്. ശിവരാമ കാരന്തിൻ്റെ ഒരു നോവലിൽ നിന്നാണ് സിനിമയുടെ മൂലകഥ. നമ്മുടെ സുമലതയുടെ രൂപമുള്ള ഗായത്രി ജോഷി എന്ന വളരെ കുറച്ച് സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള  നടി വളരെ ശക്തയായ നായികയായി ഈ സിനിമയിലുണ്ട്. വലിയ ഹിറ്റായിരുന്നില്ല എങ്കിലും 34 കോടി രൂപ അന്ന് ആഗോളതലത്തിൽ ഈ സിനിമ നേടിയിരുന്നു. ഇന്ത്യയിൽ നിന്ന് 16.3  കോടി രൂപയാണ് സ്വദേശ് കളക്ട് ചെയ്തത്.

ചക് ദേ ഇന്ത്യ പോലെ പ്രചോദിപ്പിക്കുന്ന ഇന്ത്യൻ സിനിമകളുടെ കൂട്ടത്തിലാണ് സ്വദേശിന്റെ സ്ഥാനം. അന്ന് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു ഈ സിനിമ. ഷാറൂഖ് എന്ന എന്റർടൈനറെ മണ്ണിൽ  കാലൂന്നി നടക്കുന്ന ഒരാളായ ഈ സിനിമയിൽ കാണാം. 20 വർഷത്തിനിപ്പുറവും കാലത്തിന്റെ ഒരു അടയാളവും ഇല്ലാതെ കണ്ടിരിക്കാവുന്ന മനോഹര ചിത്രം. ഷാറൂഖ് ഖാന്റെ കരിയറിലെ എണ്ണം പറഞ്ഞ ചിത്രങ്ങളിൽ ഒന്ന്. അശുതോഷ് ഗവാരികറിൻ്റെ  മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാം സ്വദേശിനെ. എ ആർ റഹ്മാന്റെ മികച്ച ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ ഉണ്ട്.

click me!