'ഒരു 57കാരന്‍റെ ഉപദേശമാണ് അത്'; പഠാന്‍ റിലീസിനു ശേഷം ഷാരൂഖ് ഖാന്‍റെ ആദ്യ പ്രതികരണം

By Web Team  |  First Published Jan 27, 2023, 7:04 PM IST

ഹോളിവുഡ് ചിത്രത്തിലെ സംഭാഷണം ട്വീറ്റ് ചെയ്ത് ഷാരൂഖ്


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് കാത്തിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ചിത്രത്തിനായി.. റിലീസ് ദിനത്തില്‍ നിറയെ ഹൌസ്‍ഫുള്‍ ഷോകള്‍ കളിക്കുന്ന, ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്ന ഒരു ചിത്രം. ബോളിവുഡിലെ ഹിറ്റ്മാന്‍ അക്ഷയ് കുമാറിനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനുമൊന്നും സാധിക്കാതിരുന്ന കാര്യം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍, സാക്ഷാല്‍ ഷാരൂഖ് ഖാന്‍. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിലേക്ക് ഷാരൂഖിന്‍റെ വന്‍ തിരിച്ചുവരവായുമാണ് പലരും ഈ വിജയത്തെ കാണുന്നത്.

അതിന് കാരണമുണ്ട്. നാല് വര്‍ഷത്തിനു ശേഷമാണ് ഷാരൂഖ് നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അതിന് കാരണമോ, കരിയറില്‍ സംഭവിച്ച തുടര്‍ പരാജയങ്ങളും. ഒരു ഇടവേളയെടുത്ത്, എല്ലാം ഒന്ന് മാറിനിന്ന് വീക്ഷിച്ച്, വേണ്ട തിരുത്തലുകള്‍ വരുത്തി ശക്തമായി തിരിച്ചുവരാനായിരുന്നു അത്. ഇപ്പോഴിതാ അത് തന്നെ സംഭവിച്ചിരിക്കുകയുമാണ്. ബോളിവുഡും ഹിന്ദി സിനിമാസ്വാദകരും ഏറെ ആഗ്രഹിച്ച ഈ വിജയം ഷാരൂഖിന്‍റെ തിരിച്ചുവരവ് എന്ന നിലയിയ്ക്കാണ് പൊതുവെ വിലയിരുത്തപ്പെടുന്നതും. എന്നാല്‍ കിംഗ് ഖാന്‍ സ്വയം കരുതുന്നത് അങ്ങനെയല്ല. പഠാന്‍ റിലീസിന് ശേഷം അതേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം ട്വിറ്ററിലൂടെ എത്തിയിട്ടുണ്ട്. 

Gattaca movie “I never saved anything for the swim back” I think life is a bit like that….You aren’t meant to plan your return…U r meant to move forward. Don’t come back…try to finish what u started. Just a 57yr olds’ advice things.

— Shah Rukh Khan (@iamsrk)

Latest Videos

ഗട്ടാക്ക (1997) എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു സംഭാഷണശകലം ക്വോട്ട് ചെയ്തുകൊണ്ടാണ് ഷാരൂഖിന്‍റെ ട്വീറ്റ്. തിരികെ നീന്താന്‍ വേണ്ടി ഒന്നും ഞാന്‍ കരുതിവെക്കുന്നില്ല എന്നാണ് ഗട്ടാക്ക എന്ന സിനിമയിലെ ഒരു സംഭാഷണം. എന്‍റെ ചിന്തയും ഏതാണ്ട് അതുപോലെയാണ്. തിരിച്ചുവരവ് അല്ല നിങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്. മുന്നോട്ട് പോവുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. തിരിച്ചുവരരുത്. എന്താണോ തുടങ്ങിവച്ചത്, അത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുക. ഒരു 57 വയസുകാരന്‍റെ ഉപദേശമാണ് അത്, ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.

ALSO READ : 'ഉടല്‍' സംവിധായകന്‍റെ ദിലീപ് ചിത്രം; പ്രണിത സുഭാഷ് മലയാളത്തിലേക്ക്

click me!