'സീറോ' എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്ന് ഷാരൂഖ് ഖാൻ.
'പഠാൻ' പ്രതീക്ഷകളെ ശരിവെച്ച് ഹിറ്റായിരിക്കുന്നു. ഷാരൂഖ് ഖാൻ ഒരു വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വിവാദങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് 'പഠാന്റെ' വിജയം. 'പഠാൻ' വിജയിപ്പിച്ചതിന് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ രംഗത്ത് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.
'സീറോ' എന്ന സിനിമ പരാജയപ്പെട്ടതിന് ശേഷം തനിക്ക് ആത്മവിശ്വാസം തീരെയുണ്ടായിരുന്നില്ല എന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ചിലപ്പോഴൊക്കെ പേടിയുമുണ്ടായിരുന്നു. സിനിമ വ്യവസായത്തിന് ജീവൻ നല്‍കിയതിന് ഞാൻ നന്ദി പറയുന്നു. ദശലക്ഷക്കണക്കിന് പേര്‍ എന്നെ സ്‍നേഹിക്കുന്നു. ഒരു സ്‍നേഹാനുഭവമാണ് സിനിമ കാണുന്നതും. ഇത് ആരെയും വേദനിപ്പിക്കാൻ ഉള്ളതല്ല. റിലീസിന തടസ്സപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും സിനിമയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു എന്നും ഷാരൂഖ് 'പഠാന്റെ' വിജയാഘോഷത്തിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രമാണ് 'പഠാൻ'. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
Read More: ഷാരൂഖ് ഖാൻ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ എത്തുമായിരുന്നില്ല: ദീപിക പദുക്കോണ്‍