ഷൂട്ടിംഗ് കാണാനെത്തി പകരക്കാരനായി സീരിയലിലേക്ക്, മിന്നുകെട്ടില്‍ തുടങ്ങിയ ശബരീനാഥിന്റെ അഭിനയ ജീവിതം

By Web Team  |  First Published Sep 17, 2020, 11:47 PM IST

ഒരു മുഴുനീള വക്കീല്‍ വേഷം അഭിനയിക്കണമെന്ന ആഗ്രഹം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചിരുന്ന ശബരീനാഥ് തനിക്ക് ലഭിച്ച നായക, പ്രതിനായക വേഷങ്ങള്‍ തന്മയത്വത്തോടെ അഭിനയിച്ചു.
 


ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിങ്ങലായി സീരിയല്‍ നടന്‍ ശബരീനാഥ് വിടപറഞ്ഞു. നിലവിളക്കിലെ ആദിത്യനെയും അമലയിലെ ദേവനെയും സ്വാമി അയ്യപ്പനിലെ വാവരെയും മലയാളി പ്രേക്ഷകര്‍ മറന്നിരിക്കില്ല. തീര്‍ത്തും അപ്രതീക്ഷിതമായാണ് ശബരീനാഥ് സീരിയല്‍ രംഗത്തേക്കെത്തുന്നത്. മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയ ശബരീനാഥ്, ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തില്‍ പകരക്കാരനാകുകയായിരുന്നു.

മിന്നുകെട്ടില്‍ തുടങ്ങി, നിലവിളക്ക്, അമല, പ്രണയം, സ്വാമി അയ്യപ്പന്‍, പാടാത്തപൈങ്കിളി തുടങ്ങി നിരവധി സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് ശബരീനാഥ് ജനിച്ചത്. സീരിയല്‍ തനിക്ക് നല്ല സുഹൃത്തുക്കളെ തന്നുവെന്ന് പറയാറുള്ള ശബരീനാഥ് എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. അഭിനയത്തിന്റെ ഇടവേളകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രപോകാന്‍ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളും കടലുകളും കായലുകളുമായിരുന്നു. 

Latest Videos

undefined

ഒരു മുഴുനീള വക്കീല്‍ വേഷം അഭിനയിക്കണമെന്ന ആഗ്രഹം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചിരുന്ന ശബരീനാഥ് തനിക്ക് ലഭിച്ച നായക, പ്രതിനായക വേഷങ്ങള്‍ തന്മയത്വത്തോടെ അഭിനയിച്ചു. അഭിനയമല്ലായിരുന്നെങ്കില്‍ താനൊരു കംപ്യൂട്ടര്‍ എക്‌സ്‌പേര്‍ട്ട് ആകുമായിരുന്നെന്ന് ഒരു അഭിമുഖത്തില്‍ ശബരീനാഥ് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഒരു ഡേറ്റ എന്‍ട്രി സ്ഥാപനത്തിലാണ് സീരിയലിലെ്ത്തുമുമ്പ് അദ്ദേഹം ജോലി ചെയ്തിരുന്നത്.

ബാറ്റ്മിന്റണും കളിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശബരീനാഥ് സ്റ്റേറ്റ് ലെവല്‍ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. മാഹാത്മാഗാന്ധി കോളേജിലാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കളാണ്. സ്വാമി അയ്യപ്പനിലൂടെ വാവരായി എത്തിയ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന അദ്ദേഹം ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി തന്നെയാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് ശബരീനാഥിന്റെ മരണം. 43 വയസ്സായിരുന്നു. 

click me!