സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 'ജാക്ക് ആൻഡ് ജിൽ' ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവൻ(Santhosh Sivan). ഛായാഗ്രഹകനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹം താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലായിരുന്നു സന്തോഷ് ശിവൻ അഭിനേതാവിന്റെ മേലങ്കി അണിഞ്ഞത്. ഇപ്പോഴിതാ മകരമഞ്ഞിന് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നെങ്കിലും പോയില്ലെന്ന് പറയുകയാണ് സന്തോഷ് ശിവൻ.
‘ഞാന്‍ കുറച്ച് പെയ്ന്റ് ഒക്കെ ചെയ്യും. അതൊക്കെ ലെനിന്‍ രാജേന്ദ്രന് അറിയാമായിരുന്നു. പിന്നെ അദ്ദേഹത്തിന് ഇങ്ങനെയൊരു പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അഭിനയിച്ച് വലിയ പരിചയമൊന്നുമില്ല. ഞാന്‍ ഒരു കുട്ടികളുടെ സിനിമ ചെയ്തിട്ടുണ്ട്. അതില്‍ അവരെ അഭിനയിച്ച് കാണിച്ചുള്ള പരിചയമേ ഉള്ളൂ. അതിനെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു. അങ്ങനെ ആ പടത്തില്‍ അഭിനയിച്ചു. പിന്നെ എന്റെ അമ്മൂമ്മ പാരീസില്‍ പഠിപ്പിച്ചതാണ്. എന്റെ ചെറുപ്പത്തില്‍ രാജാ രവി വര്‍മയുടെ പടങ്ങളൊക്കെ കൊണ്ടു തന്ന് കഥകളൊക്കെ പറഞ്ഞ് വിഷ്വല്‍ എജുക്കേഷന്‍ തരുമായിരുന്നു. അപ്പോള്‍ രാജാ രവി വര്‍മ ഒരു ഏലിയനൊന്നുമല്ല. പെരുന്തച്ചനിലെ ഒരുപാട് ലൈറ്റിംഗ് പാറ്റേണ്‍സ് രാജാ രവി വര്‍മ പെയ്ന്റിംഗ്‌സില്‍ നിന്നെടുത്തതാണ്. അതുകൊണ്ടാണ് ആ സിനിമയില്‍ അഭിനയിച്ചത്. അതിന് ശേഷം ഒരുപാട് പേര്‍ അഭിനയിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. ബറോസിലും അഭിനയിക്കണമെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ഇല്ലെന്ന്. അണ്ണാ ഇതില്‍ ഹീറോയിനൊന്നുമില്ല, പിന്നെ ഞാന്‍ എങ്ങനെ അഭിനയിക്കുമെന്ന് പറഞ്ഞു,’ എന്ന് സന്തോഷ് ശിവന്‍ പറയുന്നു.
അതേസമയം, സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 'ജാക്ക് ആൻഡ് ജിൽ' ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ് ജില്ലെന്ന് ഉറപ്പു നൽകുന്നതാണ് അടുത്തിടെ പുറങ്ങിയ ട്രെയിലർ നൽകുന്ന സൂചന.