സീരിയലില്‍ 'ഗസ്റ്റായി' തിരിച്ചുവരവ് ; ഗീതഗോവിന്ദത്തിലെ വേഷത്തെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍

By Web TeamFirst Published Feb 15, 2023, 10:04 PM IST
Highlights

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റിന്‍റെ തന്നെ ദേവീ മാഹാത്മ്യത്തില്‍ ഒരു വേഷം ചെയ്തിരുന്നു. അന്ന് സിനിമ രംഗത്ത് ഇത്രയും പരിചിതമായ മുഖം അല്ല. സിനിമ രംഗത്ത് സജീവമായതിന് ശേഷം സീരിയലിലേക്ക് ഒരു തിരിച്ചുപോക്ക് ആദ്യമായാണ്. 

തിരുവനന്തപുരം: മലയാള സിനിമയിലെ പരിചിതമായ മുഖമാണ് സന്തോഷ് കീഴാറ്റൂരിന്‍റെത്. പല  ചിത്രങ്ങളിലും വലുതും ചെറുതുമായ വേഷങ്ങളില്‍ സന്തോഷ് കീഴാറ്റൂര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. നാടക വേദിയില്‍ നിന്നും പ്രഫഷണല്‍ നാടകങ്ങളിലൂടെയും, സീരിയലുകളിലൂടെയും വന്ന് സിനിമ രംഗത്ത് സാന്നിധ്യമായ ഇദ്ദേഹം വളരെക്കാലത്തിന് ശേഷം ഒരു സീരിയലില്‍ സാന്നിധ്യമായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഗീത ഗോവിന്ദത്തില്‍ നായകന്‍റെ പിതാവായി എത്തുന്ന ഗസ്റ്റ് റോളിലാണ് സന്തോഷ് കീഴറ്റൂര്‍ പ്രത്യക്ഷപ്പെട്ടത്. വളരെക്കാലത്തിന് ശേഷമാണ്  സന്തോഷ് കീഴാറ്റൂര്‍ ചെറുവേഷം ടിവി സീരിയലില്‍ ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സന്തോഷ് കീഴാറ്റൂര്‍ സംസാരിച്ചു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റിന്‍റെ തന്നെ ദേവീ മാഹാത്മ്യത്തില്‍ ഒരു വേഷം ചെയ്തിരുന്നു. അന്ന് സിനിമ രംഗത്ത് ഇത്രയും പരിചിതമായ മുഖം അല്ല. സിനിമ രംഗത്ത് സജീവമായതിന് ശേഷം സീരിയലിലേക്ക് ഒരു തിരിച്ചുപോക്ക് ആദ്യമായാണ്. ഏഷ്യാനെറ്റിന്‍റെ സീരിയല്‍ എന്നതിനാല്‍ തന്നെയാണ് ഗീത ഗോവിന്ദത്തിലെ റോള്‍ തിരഞ്ഞെടുത്തത്. നേരിട്ട് കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതിനാല്‍ സീരിയലിന് ലഭിക്കുന്ന ജനപ്രീതി വലുതാണ്.

സീരിയല്‍ സെറ്റിലേക്ക് ഒരു തിരിച്ചുപോക്ക് എന്നൊന്നും ഇതിനെ പറയാന്‍ സാധിക്കില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ ഏത് കലാരൂപത്തെയും അതിന്‍റെ രീതിയില്‍ സമീപിക്കുന്ന  വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് സിനിമയിലും സീരിയലിലും അഭിനയിക്കുന്നു. സിനിമയുടെ ഇടവേളകളില്‍ ഏകാങ്ക നാടകം അവതരിപ്പിക്കാറുമുണ്ട്. പ്രൊഫഷണല്‍ നാടക രംഗത്ത് നിന്നാണ് ഇത്രയും എത്തിയത് എന്നാല്‍ അതിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ല. നാടക സമിതികളുമായി തുടര്‍ച്ചയായി ഒരു വര്‍ഷത്തെ കരാര്‍ വേണം.

സീരിയല്‍ രംഗത്തും മുഴുനീള വേഷം ചിലപ്പോള്‍ സാധ്യമാകില്ല. അത് കൃത്യമായ ഡേറ്റില്‍ ഷൂട്ടിംഗും, പ്രഷേപണവും നടക്കുന്നതാണ്. അതിനാല്‍ സിനിമ തിരക്കുകള്‍ക്കിടയില്‍ ഇത്തരം ചെറുവേഷങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഗീത ഗോവിന്ദത്തിലെ റോള്‍ നേരത്തെ ചെയ്തതാണ്, അതിന്‍റെ പ്രതികരണം അറിയാന്‍ ആകാംക്ഷയുണ്ട്. സീരിയല്‍ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല - ദീലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നും സന്തോഷ് കീഴാറ്റൂര്‍  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഏഷ്യാനെറ്റിൽ പുതിയ പരമ്പര 'ഗീതാഗോവിന്ദം'; ഫെബ്രുവരി 13 മുതൽ

click me!