ടൊവിനോയുമായുള്ള തര്‍ക്കം; ആ വിവാദ സിനിമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

By Web Team  |  First Published May 14, 2024, 1:03 PM IST

ഏതാനും ദിവസമായി തുടരുന്ന തര്‍ക്കം


സംവിധായകനും നടനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു വഴക്ക്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ തിയറ്റര്‍, ഒടിടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത പ്രകടിപ്പിച്ചുവെന്നതായിരുന്നു സനല്‍കുമാറിന്‍റെ ആരോപണങ്ങളുടെ ആകെത്തുക. ഇതിനോട് പ്രതികരിച്ച് ടൊവിനോയും രംഗത്തെത്തിയിരുന്നു. സിനിമ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാതെപോകും എന്നതുകൊണ്ടാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനോടുള്ള വിമുഖത അറിയിച്ചതെന്നും ഒടിടി റിലീസിനായുള്ള ശ്രമങ്ങളില്‍ സംവിധായകന്‍റെ സോഷ്യല്‍ പ്രൊഫൈല്‍ തടസമായി വന്നെന്നും ടൊവിനോ പറഞ്ഞിരുന്നു. ടൊവിനോയുടെ പോയിന്‍റുകളെ ചോദ്യം ചെയ്തുകൊണ്ട് സനല്‍കുമാര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രസ്തുത സിനിമയുടെ പ്രിവ്യൂ കോപ്പി ഓണ്‍ലൈന്‍ ആയി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍.

വിമിയോയില്‍ അപ്‍ലോഡ് ചെയ്ത വഴക്കിന്‍റെ പ്രിവ്യൂ കോപ്പിയുടെ ലിങ്ക് ആണ് ആര്‍ക്കും സൗജന്യമായി കാണാവുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സനല്‍കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പുമുണ്ട്. "പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/ The Quarrel കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം", സനല്‍കുമാര്‍ ശശിധരന്‍റെ വാക്കുകള്‍.

Latest Videos

undefined

വഴക്ക് നിര്‍മ്മിക്കുന്ന സമയത്ത് ടൊവിനോ വളര്‍ന്നുവരുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെന്നും അന്നത് പുറത്ത് വന്നിരുന്നെങ്കില്‍ തനിക്കെതിരെയുള്ള വിരോധം അയാള്‍ക്കെതിരെ തിരിയുമായിരുന്നെന്നും സനല്‍കുമാര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. "സൂപ്പർതാരത്തിലേക്കുള്ള വളർച്ചയുടെ പാതയിൽ ചെറുതായെങ്കിലും അത് ഒരു കല്ലുകടി ആയിരുന്നേനെ. കച്ചവടത്തിന്റെ സമവാക്യങ്ങൾ അറിയുന്ന ഒരാൾക്ക് മാത്രമേ കച്ചവടത്തിന്റെ ലോകത്തിൽ വിജയം വരിക്കാൻ സാധിക്കുകയുള്ളു. ടൊവിനോ ചെയ്‍തത് തെറ്റാണോ? അല്ല. ശരിയാണോ? അല്ല. പിന്നെ എന്താണ്? അധർമമാണ്!", സനല്‍കുമാര്‍ ശശിധരന്‍റെ വാക്കുകള്‍.

പരിചയപ്പെട്ട സമയത്തെ സനല്‍കുമാറിനെ തനിക്ക് ഇഷ്ടമായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ പറഞ്ഞിരുന്നു. "ഒരാള്‍ ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്. ഈ വിഷയത്തില്‍ ഇത് അവസാനത്തെ പ്രതികരണമാണ്", ടൊവിനോ പറഞ്ഞിരുന്നു. 

ALSO READ : 'വൺ പ്രിൻസസ് സ്ട്രീറ്റ് റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!