സല്‍മാന്‍ ഖാന്‍ ആരാധകനായ ഇയാള്‍ ഷൂട്ടിംഗ് കാണാനായി എത്തിയതാണെന്ന് പൊലീസ്
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ ഷൂട്ടിംഗ് സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പൊലീസ് പിടിയില്‍. സല്‍മാന്‍ ഖാന്‍ സെറ്റില്‍ ഉള്ളപ്പോഴാണ് സംഭവം. അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചത് തടഞ്ഞ അണിയറക്കാരോട് ലോറന്‍സ് ബിഷ്ണോയ്യെ അറിയിക്കണോ എന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഇതോടെ അണിയറക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
എന്നാല്‍ ഇയാള്‍ സല്‍മാന്‍ ഖാന്‍റെ ആരാധകനാണെന്നും ഷൂട്ടിംഗ് കാണാനായി വന്നതാണെന്നുമാണ് ചോദ്യംചെയ്യലില്‍ നിന്ന് വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ഷൂട്ടിംഗ് സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോട് ഉണ്ടായ തര്‍ക്കത്തില്‍ ഇയാള്‍ ലോറന്‍സ് ബിഷ്ണോയ്‍യുടെ പേര് പറയുകയായിരുന്നു. മുംബൈ സ്വദേശിയായ വ്യക്തിയുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ച്ചയായുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സൽമാൻ ഖാൻ്റെ ചിത്രീകരണം. അതിനാല്‍ ഇത്തരത്തിലുള്ള ചെറിയ സുരക്ഷാ വീഴ്ചകള്‍ പോലും അതീവ പ്രാധാന്യത്തോടെയാണ് പൊലീസ് കാണുന്നത്.
സമീപ മാസങ്ങളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്‍റെ ഭീഷണി സല്‍മാന്‍ ഖാനെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്‍റെ ബാന്ദ്രയിലെ വീടിന് നേര്‍ക്ക് രണ്ട് പേര്‍ വെടിയുതിര്‍ത്തതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 1998 ല്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിനെത്തുടര്‍ന്നാണ് ലോറന്‍സ് ബിഷ്ണോയ് താരത്തിനെതിരെ ഭീഷണി ഉയര്‍ത്തുന്നത്. ലോറന്‍സ് ബിഷ്ണോയ്‍യും സംഘവും ഭീഷണി ഉയര്‍ത്തുന്നത് പതിവായതോടെ ഇവരുടെ പേരില്‍ പല അജ്ഞാതരും ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങളും ഉണ്ടായി. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ ഖാന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മുംബൈയിലെ വീടിന് മുന്നില്‍ കനത്ത പൊലീസ് കാവലും ഉണ്ട്.