പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുമ്പോള്‍ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
കൊച്ചി: കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് സലാര്‍. ഇതിന്‍റെ ഒന്നാം ഭാഗം സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ഡിസംബര്‍ 22ന് റിലീസാകുകയാണ്. ഇപ്പോഴിതാ കേരളത്തില്‍ റിലീസിന് മുന്നോടിയായി പ്രീബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രം ഇറങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെയാണ് പ്രീബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.45നാണ് പ്രീബുക്കിംഗ് തുടങ്ങിയത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുമ്പോള്‍ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന സലാര്‍ സിനിമയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കെജിഎഫ് അടക്കം നിര്‍മ്മിച്ച ഹോംബാല ഫിലിംസാണ് സലാറിന്‍റെയും നിര്‍മ്മാതാക്കള്‍.
ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് റെക്കോര്‍ഡുമാണ്.
കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകര്‍ ഏറ്റെടുത്ത ഒരു റിപ്പോര്‍ട്ടായിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്.
അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്.
ഒപ്പം പ്രവര്‍ത്തിച്ചവരില്‍ മികച്ചവൻ ആര്?, സംവിധായകനെക്കുറിച്ച് പ്രഭാസ്
പൃഥ്വിരാജിന്റെയും പ്രഭാസിന്റെയും അതിശയിപ്പിക്കുന്ന സൗഹൃദം, വീഡിയോ പുറത്ത്