ഇതുവരെ എത്ര ടിക്കറ്റുകള്‍ വിറ്റു? യുഎസ് ബുക്കിംഗില്‍ 'ഡങ്കി'യെ മലര്‍ത്തിയടിച്ച് 'സലാര്‍'

By Web Team  |  First Published Dec 8, 2023, 11:26 PM IST

സെപ്റ്റംബര്‍ 28 ന് എത്തേണ്ട ചിത്രമായിരുന്നു സലാര്‍


ഒരുകാലത്ത് ഇന്ത്യയില്‍ ഏത് ഭാഷയിലെയും ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ക്ക് സോളോ റിലീസ് വേണമെങ്കില്‍ ആ ഭാഷയിലെ സമാനചിത്രങ്ങളുടെ റിലീസ് മാത്രം നോക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുന്ന ചിത്രങ്ങളുടെ കാലത്ത് അത് പോര. റിലീസ് തീയതി തീരുമാനിക്കുമ്പോള്‍ മറുഭാഷകളില്‍ നിന്ന് മറ്റ് പ്രധാന ചിത്രങ്ങള്‍ വരുന്നുണ്ടോ എന്നും നോക്കണം. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് സംഭവിക്കാനിരിക്കുന്ന ഏറ്റവും വലിയ ക്ലാഷ് ഈ ക്രിസ്മസിന് ആണ്. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍റെ ഡങ്കിയും തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം സലാറുമാണ് ചിത്രങ്ങള്‍.

പോസ്റ്റ് പ്രൊഡക്ഷന്‍ വൈകിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 28 എന്ന ഒറിജിനല്‍ റിലീസ് തീയതി പാലിക്കാന്‍ സാധിക്കാതിരുന്ന സലാര്‍ ടീം ക്രിസ്മസ് പരിഗണിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നതനുസരിച്ച് സലാര്‍ ഡിസംബര്‍ 22 നും ഡങ്കി 21 നുമാണ് എത്തുക. അതായത് ഒറ്റ ദിവസത്തെ സോളോ റണ്‍ ഡങ്കിക്ക് ലഭിക്കും. എന്നാല്‍ പ്രീ റിലീസ് ബുക്കിംഗ് പരിഗണിക്കുമ്പോള്‍ ഡങ്കിക്ക് അനുകൂലമല്ല കാര്യങ്ങള്‍. ഇന്ത്യയില്‍ ഇരുചിത്രങ്ങളും ഇതുവരെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. എന്നാല്‍ ഇതിനകം ബുക്കിംഗ് ആരംഭിച്ചിട്ടുള്ള യുഎസിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡങ്കിയേക്കാള്‍ ബഹുദൂരം മുന്നിലാണ് സലാര്‍.

Latest Videos

ട്രെയ്‍ലര്‍ എത്തുന്നതിന് മുന്‍പ് വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ഡങ്കിയുടേതായി അവിടെ വിറ്റുപോയതെന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ട്രെയ്‍ലര്‍ എത്തിയതിന് ശേഷം പുരോഗമനമുണ്ട്. എന്നാലും 286 സ്ക്രീനുകളിലെ 808 ഷോകളില്‍ നിന്നായി 2001 ടിക്കറ്റുകള്‍ മാത്രമാണ് ചിത്രത്തിന് അവിടെ വില്‍ക്കാനായിട്ടുള്ളത്. അതേസമയം സലാര്‍ പ്രീവ്യൂ ഷോകള്‍ക്കായി ഇതുവരെ അവിടെ വിറ്റിരിക്കുന്നത് 18000 ടിക്കറ്റുകളാണ്. അതായത് ഡങ്കിയുടെ 9 ഇരട്ടി! ഡങ്കിയേക്കാള്‍ ഓപണിംഗ് സലാര്‍ ഇതിനകം ഉറപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യദിന അഭിപ്രായങ്ങളാവും ചിത്രങ്ങളുടെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് കുതിപ്പിനെ നിര്‍ണയിക്കുക. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

ALSO READ : 'ആരാണ് ഗീതു മോഹന്‍ദാസ്'? ആ 16 മിനിറ്റില്‍ ഇന്ത്യ ചോദിച്ചു; യഷിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!