റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ.
ചെന്നൈ: എ ആർ റഹ്മാനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഭാര്യ സൈറ ബാനു. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ പറയുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് മുംബൈയിലേക്ക് മാറിയത്. ആരോഗ്യം മെച്ചപ്പെട്ടാൽ ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്നും സൈറ അറിയിച്ചു.
ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. തന്‍റെ അനാരോഗ്യം കാരണമാണ് തല്‍കാലത്തേക്ക് മാറിനിൽക്കുന്നത്. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്. റഹ്മാനെ മാധ്യമങ്ങൾ വെറുതെ വിടണമെന്നും സൈറ അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങൾക്ക് ശബ്ദസന്ദേശം അയച്ചുകൊണ്ടായിരുന്നു സൈറയുടെ അഭ്യര്‍ത്ഥന. സൈറ റഹ്മാൻ എന്ന പേരിലാണ് സന്ദേശം തുടങ്ങുന്നത്.
undefined
ഇരുവരും വേർപിരിയുന്നതായി ഈ മാസം 19 ന് സൈറയുടെ അഭിഭാഷക വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. "മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" എന്നാണ് റഹ്മാന്‍ തന്‍റെ എക്സ് അക്കൗണ്ടില്‍ കുറിച്ചത്.
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിവാഹ മോചനം സംബന്ധിച്ച് കൂടുതൽ ചര്‍ച്ചകളിലേക്ക് കടക്കരുതെന്നും എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ, വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും അപകീര്‍ത്തികരമായ വിവരങ്ങളും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ചില യൂട്യൂബ് ചാനലുകള്‍ക്ക് എആര്‍ റഹ്മാൻ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.