
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അവധിക്കാല വസതി സ്വന്തമാക്കി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ദോഹയിലെ പേളിലുള്ള സെന്‍റ് റെജിസ് മാര്‍സ അറേബ്യ ഐലന്‍ഡിലാണ് താരം വീട് സ്വന്തമാക്കിയിരിക്കുന്നത്. അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സെയ്ഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദ്വീപിലെ അത്യാഡംബര വസതികളിലൊന്നാണ് സെയ്ഫ് അലി ഖാന്‍ വാങ്ങിയത്.
"ഏറെ യാത്ര ചെയ്യുന്ന, ആഡംബരത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഖത്തറില്‍ വാങ്ങിയിരിക്കുന്ന വീട് ഒരു കൃത്യം തെരഞ്ഞെടുപ്പ് ആയി തോന്നുന്നു. ഒരു വസതി എന്നതിനപ്പുറം ഒരു ലൈഫ്സ്റ്റൈല്‍ ലക്ഷ്യസ്ഥാനമാണ് അത്. ലോകത്തിന്‍റെ പല ഭാഗങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിരിക്കിലും ഖത്തര്‍ സവിശേഷമായ ചിലതൊക്കെ നല്‍കുന്നുണ്ട്. സമാധാനം, സുരക്ഷിതത്വം, ആധുനികമായ വാസസ്ഥാനങ്ങള്‍ ഒക്കെയാണ് അവ. ഇന്ത്യയില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടം എന്ന നിലയില്‍ എനിക്കും എന്‍റെ കുടുംബത്തിനും പറ്റിയ ഇടമാണ് ഖത്തര്‍", സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
"ഒരു അവധിക്കാല വസതിയെക്കുറിച്ചോ ഒരു സെക്കന്‍ഡ് ഹോമിനെക്കുറിച്ചോ ഒക്കെ ആലോചിച്ചപ്പോള്‍ പല കാര്യങ്ങളും എന്‍റെ മനസിലൂടെ പോയി. അധികം ദൂരത്തല്ലാതെ, എളുപ്പം എത്തിച്ചേരാവുന്ന ഒരിടം. ഒപ്പം സുരക്ഷിതമായതും സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരിടം. ജോലിയുടെ ഭാഗമായി അവിടെ പോയി താമസിച്ചതാണ് ആദ്യം. സ്വകാര്യതയും ലക്ഷ്വറിയും കൃത്യമായി ചേര്‍ന്ന ആ സ്ഥലം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു". ഭാര്യ കരീന കപൂറിനും മക്കളായ തൈമൂറിനും ജഹാംഗീറിനുമൊപ്പം പുതിയ വീട് കാണാനുള്ള ആഗ്രഹത്തെക്കുറിച്ചും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
മുംബൈയിലെ വസതിയില്‍ വച്ച് അതിക്രമിയുടെ കുത്തേറ്റ സംഭവമുണ്ടായി മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറമാണ് സെയ്ഫ് അലി ഖാന്‍ ഖത്തറില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്. ജനുവരി 16 ന് പുലർച്ചെ ആയിരുന്നു ഈ സംഭവം. കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരന്‍ മുഹമ്മദ് ഷെരീഫുൾ മുംബൈ പൊലീസിന്‍റെ പിടിയിലായിരുന്നു. ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അതേസമയം കേസില്‍ ഇപ്പോഴും നിഗൂഢത അവശേഷിക്കുന്നുണ്ട്. നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ