'തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു, വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പി'; തിയറ്ററിലെ ദുരനുഭവം പറഞ്ഞ് ശാരദക്കുട്ടി

Published : Apr 10, 2025, 04:07 PM ISTUpdated : Apr 10, 2025, 04:16 PM IST
'തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു, വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പി'; തിയറ്ററിലെ ദുരനുഭവം പറഞ്ഞ് ശാരദക്കുട്ടി

Synopsis

ഭരതന്റെ സിനിമയല്ലേ? നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായിരുന്നെന്നും ശാരദക്കുട്ടി. 

രതന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് ഇന്നും ഏറെ പേർ ഇഷ്ടപ്പെടുന്നൊരു സിനിമയാണ് കാറ്റത്തെ കിളിക്കൂട്. ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, രേവതി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം റിലീസ് ചെയ്തിട്ട് നാല്പത്തി മൂന്ന് വർഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ താൻ ഭയന്നു വിറച്ച 'കാറ്റത്തെ കിളിക്കൂടി'നെ കുറിച്ച് എഴുത്തുകാരിയായ എസ് ശാരദക്കുട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരിക്കുകയാണ്. 

സിനിമാ തീയേറ്ററുകളിൽ സിസിടിവി ഇല്ലാത്ത കാലമായിരുന്നു അതെന്നും തങ്ങൾ 5 പെൺകുട്ടികളാണ് കോളേജിൽ നിന്നും സിനിമ കാണാൻ പോയതെന്നും ശാരദക്കുട്ടി പറയുന്നു.  സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. പിന്നാലെ തിയറ്റർ മാനേജരെ വിവരമറിയിക്കുകയും ശല്യക്കാരെ താക്കീതും ചെയ്തു. പിന്നീട് പക്ഷേ സമാധാനത്തോടെ സിനിമ കാണാൻ സാധിച്ചില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. 

 ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ

അന്ന് സിനിമാ തീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത കാലം. ഞങ്ങൾ 5 പെൺകുട്ടികൾ കോളേജിൽ നിന്ന് കാറ്റത്തെ കിളിക്കൂട്  കാണുവാൻ കോട്ടയത്തെ ആനന്ദ് തീയേറ്ററിൽ മാറ്റിനിക്കു കയറി. അന്ന് ഏതു സിനിമയും റിലീസ് ചെയ്താലുടൻ കാണുക പതിവായിരുന്നു. ഭരതന്റെ സിനിമയല്ലേ ? നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോൾ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിൻ, ബ്ലേഡ് ഇതൊക്കെ മിക്കപെൺകുട്ടികളും കയ്യിൽ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നിൽ  ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാർക്ക് യാതൊരു അടക്കവുമില്ല. സിനിമയിൽ രേവതി മോഹൻലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീർക്കാൻ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. സിനിമയിലേക്കാൾ സംഘർഷം ഞങ്ങൾക്ക്. സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഞങ്ങളുടെ പിന്നിലൂടെയും, വശങ്ങളിലൂടെയും കൈകൾ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. ഉടൻ തന്നെ മാനേജറുടെ ഓഫീസിൽ ചെന്ന് പ്രശ്നം അവതരിപ്പിച്ചു. അവർ  വന്ന് ശല്യകാരികളെ ഒന്നു താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല. ഞങ്ങൾ സിനിമ കാണാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റർ വിട്ട് ഇറങ്ങിപ്പോയതുമില്ല. തിരിഞ്ഞു രണ്ടടി കൊടുക്കാമായിരുന്നു എന്നൊക്കെ ഇന്ന് തോന്നുന്നുണ്ട്. അന്നൊന്നും ചെയ്തില്ല. അതെന്താന്നു ചോദിച്ചാൽ അറിയില്ല. 

അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളു. ആൾക്കൂട്ടത്തിന്റെ കൂടെ ഒരുമിച്ച് പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂർ തള്ളി നീക്കി. സിനിമ തീർന്നപ്പോഴും ഭയം കുറ്റവാളികൾക്കല്ല, ഞങ്ങൾക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാർ ഇരുട്ടത്ത്  ഞങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാണ് വേവലാതി. ഞങ്ങളുടെ ഭയം അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്. തീയേറ്ററിൽ നിന്ന് വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തു പിടിച്ചിട്ടുണ്ട്. ആരോ പിന്നാലെ വരുന്നതു പോലെ ഒരുൾഭയം. വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു. 

'ഇനി ആരോപണങ്ങളില്ല, ആരോഹണം മാത്രം'; 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' റിലീസ് തിയതി

ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടും. ബലവാന്മാരെയും തെമ്മാടികളെയും ഉടലാകെ ലിംഗവുമായി നടക്കുന്നവരെയും ഭയന്ന്  ഭയന്ന് നിശ്ശബ്ദമായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് ഇന്നും ആ ചിത്രം. ശരീരത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ ഭയങ്ങൾ ജീവിതാവസാനം വരെ പിന്തുടരും. കാറ്റത്തെ കിളിക്കൂട് എന്ന പേരു പോലെ തന്നെയാണ് ആ അനുഭവവും. കണ്ട സിനിമകളിലെ ഡയലോഗും രംഗങ്ങളുമെല്ലാം മന:പാഠമാക്കാറുള്ള എനിക്ക് ഈ ചിത്രത്തെ കുറിച്ച് ഒന്നും പറയാനറിയില്ല. ഇന്നും  ടി വിയിൽ ആ ചിത്രം കാണാനിരുന്നാൽ, പിന്നിൽ നിന്നു നീളുന്ന അറപ്പുള്ള കൈകൾ ഓർമ്മയിലെത്തും. സകല നിലയും തെറ്റും. അതെ, ഭയന്നു വിറച്ച ആ  'കാറ്റത്തെ കിളിക്കൂടി 'ന് 43 വർഷം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഈ സിനിമകൾ കാണാതെ പോയാൽ അത് വലിയ നഷ്‍ടം Saju Navodaya | IFFK 2025
ഇക്കുറി IFFK യിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധേയം| Prakash Velayudhan l IFFK 2025