പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര മാസികയായ വെറൈറ്റിയുടെ ഓസ്കര്‍ പ്രഡിക്ഷന്‍ ലിസ്റ്റ് ആണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം
ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ എസ് എസ് രാജമൗലി അതിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ റിലീസിനു മുന്‍പുതന്നെ വന്‍ ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് മാര്‍ച്ച് 25 ന് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. എന്നാല്‍ ആഗോള സ്വീകാര്യതയില്‍ രാജമൗലി പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് ചിത്രം എത്തിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയതിനു ശേഷമായിരുന്നു ഭാഷാപരമായ അതിര്‍ത്തികള്‍ക്കപ്പുറത്ത് ചിത്രത്തിനു ലഭിച്ച ഈ സ്വീകാര്യത. പ്രത്യേകിച്ചും പാശ്ചാത്യ ലോകത്ത്. ഹോളിവുഡില്‍ നിന്നും ഒട്ടനവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഇത്തവണത്തെ ഓസ്കര്‍ നോമിനേഷനുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയിലും ഇടംനേടിയിരിക്കുകയാണ് ആര്‍ആര്‍ആര്‍.
പ്രമുഖ അമേരിക്കന്‍ ചലച്ചിത്ര മാസികയായ വെറൈറ്റിയുടെ ഓസ്കര്‍ പ്രഡിക്ഷന്‍ ലിസ്റ്റ് ആണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഓസ്കറില്‍ രണ്ട് വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് ആര്‍ആര്‍ആറിനുള്ള സാധ്യതയാണ് വെറൈറ്റി ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരമാണ്. ആസ്വാദകരുടെ പ്ലേ ലിസ്റ്റുകളില്‍ ഇപ്പോഴും ട്രെന്‍ഡ് ആയ ദോസ്തി എന്ന ഗാനത്തിനാണ് ഇത്. ഹേമചന്ദ്രയുടെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാണ് ഇത്. എവരിവണ്‍ എവരിവെയര്‍ ഓള്‍ ഏറ്റ് വണ്‍സ്, ടോപ്പ് ഗണ്‍ മാവറിക് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് വെറൈറ്റിയുടെ ലിസ്റ്റില്‍ ഈ ഗാനവും ഉള്ളത്.
മുന്‍പ് സ്ലംഡോഗ് മില്യണയറിലെ ഗാനത്തിന് ഇതേ പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനും ഇതുവരെ ലഭിക്കാത്ത ഒരു പുരസ്കാരത്തിന്‍റെ സാധ്യതയും വെറൈറ്റി മുന്നോട്ടുവെക്കുന്നുണ്ട്. മികച്ച ഇന്‍റര്‍നാഷണല്‍ കഥാചിത്രത്തിനുള്ള പുരസ്കാരമാണ് ഇത്. സാന്‍റിയാഗോ മിത്രേയുടെ അര്‍ജന്‍റീന 1985, അലസാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റുവിന്‍റെ ബാര്‍ഡോ, ലൂക്കാസ് ധോണ്ടിന്‍റെ ക്ലോസ്, അലി അബ്ബാസിയുടെ ഹോളി സ്പൈഡര്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ആര്‍ആര്‍ആറിനും വെറൈറ്റി സാധ്യത കാണുന്നത്.
ALSO READ : 'കട്ട വെയ്റ്റിംഗ് ആണ്, ഒന്ന് ഉഷാറായിക്കേ'; അല്‍ഫോന്‍സ് പുത്രനോട് മേജര്‍ രവി
ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെയാണ് ആഗോള പ്രേക്ഷകരിലേക്ക് കടന്നുചെന്നത്. നെറ്റ്ഫ്ലിക്സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളില്‍ ആദ്യമായാണ് ഒരു ചിത്രം ഈ ഇത്രയും കാലം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.