"ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാന്‍ വേണ്ടി ഞാന്‍ ഒരു 10 ദിവസം കഷ്ടപ്പെട്ടിട്ടുണ്ട്"
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ജനപ്രിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആള്‍ കൂടിയാണ് റോബിന്‍. ബിഗ് ബോസ് അടുത്ത സീസണിലേക്ക് അടുക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ റോബിന്‍ ഇപ്പോഴും ഒരു ചര്‍ച്ചാ വിഷയമാണ്. താന്‍ സംവിധായകനായി അരങ്ങേറുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലുമൊക്കെ റോബിന്‍ പുറത്തിറക്കിയത് രണ്ട് ദിവസം മുന്‍പാണ്. രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്ന റോബിന്‍റെ കഥാപാത്രവും ഉണ്ടായിരുന്നു. പോസ്റ്ററിലെ ഒരു കൌതുകം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കഥാപാത്രം ഇരുകൈയിലും ഓരോ വാച്ച് കെട്ടിയിരിക്കുന്നു എന്നതായിരുന്നു അത്. ഇപ്പോഴിതാ അതിന്‍റെ കാരണം പറഞ്ഞിരിക്കുകയാണ് റോബിന്‍.
രണ്ട് വാച്ചുകളില്‍ ഒന്നില്‍ നായകന് തന്‍റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്‍റെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും റോബിന്‍ പറയുന്നു. ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാന്‍ വേണ്ടി ഒരു 10 ദിവസം കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സാധാരണക്കാരന് കഷ്ടപ്പെട്ട് തന്നെയേ സിനിമ എടുക്കാന്‍ പറ്റൂ. ആ കഷ്ടപ്പാടുകളൊക്കെ ഞാന്‍ നേരിടുന്നുണ്ട്. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയ ശങ്കര്‍ ശര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചത്. കിംഗ് ഓഫ് കൊത്തയുടെ തിരക്കിലാണ് ജേക്സ്. അല്ലായിരുന്നെങ്കില്‍ അദ്ദേഹം ചെയ്തു തന്നേനെ. പക്ഷേ ശങ്കര്‍ ശര്‍മ്മ വളരെ നന്നായി ചെയ്തിട്ടുണ്ട്. പലര്‍ക്കും ഒരു സംശയമുണ്ട്. ഈ പടം ഇറങ്ങുമോ ഇല്ലയോ എന്ന്. ആ ടെന്‍ഷന്‍ എനിക്കാണ് തരേണ്ടത്. ഈ സിനിമ ഞാന്‍ എന്തായാലും ചെയ്യും. ഈ ചിത്രം വലിയ സംഭവമൊന്നുമല്ല. ഒരു ചെറിയ പടം. അധികം പ്രതീക്ഷയൊന്നും കൊടുക്കേണ്ട, റോബിന്‍ പറഞ്ഞുനിര്‍ത്തി.