ഈ വര്‍ഷം ജനുവരിയിലാണ് 'ഹനുമാന്‍' തിയറ്ററുകളിലെത്തിയത്
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ വിസ്‍മയ വിജയങ്ങളില്‍ ഒന്നായിരുന്നു പ്രശാന്ത് വര്‍മ്മയുടെ സംവിധാനത്തിലെത്തിയ തെലുങ്ക് സൂപ്പര്‍ഹീറോ ചിത്രം ഹനുമാന്‍. കല്‍ക്കിയും ദേവരയും കഴിഞ്ഞാല്‍ തെലുങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു ഹനുമാന്‍. താന്‍ ഒരുക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമായി പ്രശാന്ത് വര്‍മ്മ വിഭാവനം ചെയ്ത ചിത്രം 40 കോടി ബജറ്റിലാണ് തയ്യാറായത്. നേടിയതാവട്ടെ 300 കോടിയും! ഇപ്പോഴിതാ ചിത്രത്തിന്‍റെ നേരത്തേ പ്രഖ്യാപിച്ച രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ചോദിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരവുമുണ്ട് ആ പോസ്റ്ററില്‍.
ഈ വര്‍ഷം ജനുവരി 12 ന് റിലീസ് ആയ ഹനുമാന്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ആ മാസം തന്നെ അണിയറക്കാര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ജയ് ഹനുമാന്‍ എന്ന് പേര് പ്രഖ്യാപിച്ച ചിത്രത്തില്‍ ആദ്യഭാഗത്തിലെ നായകനായ തേജ സജ്ജ (ഹനുമന്തു എന്ന കഥാപാത്രം) ഉണ്ടാവുമെങ്കിലും കേന്ദ്ര കഥാപാത്രം ഹനുമാന്‍റേത് ആണെന്നും ഒരു പ്രധാന താരം ഇത് ചെയ്യുമെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പിന്നാലെ കന്നഡ താരവും സംവിധായകനുമായ റിഷഭ് ഷെട്ടിയുടെ പേരും ഈ റോളിലേക്ക് പറഞ്ഞുകേട്ടു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിനൊപ്പം അക്കാര്യവും സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറക്കാര്‍.
രാമവിഗ്രഹം നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന ഹനുമാന്‍റെ വേഷത്തിലാണ് റിഷഭ് ഷെട്ടി ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാം ചിത്രമായിരിക്കും ജയ് ഹനുമാന്‍. കാന്താര എന്ന ചിത്രത്തിലൂടെ നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് റിഷഭ് ഷെട്ടി. ജയ് ഹനുമാനിലെ നായകനായി അദ്ദേഹമെത്തുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.
ALSO READ : കേന്ദ്ര കഥാപാത്രം ഒരു ബൈക്ക്; 'യമഹ' ചിത്രീകരണം ആരംഭിച്ചു