Sachy : ഓര്‍മകളില്‍ സച്ചി, 'അയ്യപ്പനും കോശി'യും സംവിധായകന്റെ ഓര്‍മകള്‍ക്ക് രണ്ട് ആണ്ട്

By Web Team  |  First Published Jun 18, 2022, 8:59 AM IST

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ സച്ചിയുടെ ഓര്‍മകള്‍ക്ക് രണ്ടാണ്ട് (Sachy).
 


കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ മലയാളികൾക്ക് നൽകിയ സംവിധായകൻ സച്ചിയുടെ ഓര്‍മകള്‍ക്ക് രണ്ട് ആണ്ട്.. പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ, തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ ആളാണ് സച്ചി. വക്കീല്‍ ജോലിയില്‍ നിന്ന് സിനിമാ ലോകത്തേയ്‍ക്ക് എത്തി സ്വന്തം ഇരിപ്പിടം സ്വന്തമാക്കിയ ചലച്ചിത്രകാരൻ. 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം (Sachy). 

സച്ചി- സേതു എന്നായിരുന്നു വെള്ളിത്തിരയില്‍ ആദ്യം തെളിഞ്ഞത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സച്ചിയെയും സേതുവിനെയും വക്കീൽ ജോലിയിൽ നിന്ന് സിനിമാ മേഖലയിലെത്തിച്ചത്. 2007ൽ പുറത്തിറങ്ങിയ 'ചോക്ലേറ്റി'ലൂടെയാണ് സച്ചി സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി. തുടർന്ന് സച്ചി സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു. 'റോബിൻ ഹുഡ്', 'മേക്കപ് മാൻ', 'സീനിയേഴ്‍സ്', തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി സേതു കൂട്ടുകെട്ടിലെത്തി. 

Latest Videos

സിനിമ സങ്കല്‍പ്പങ്ങൾ വ്യത്യസ്‍തമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 2012ൽ 'റണ്‍ ബേബി റണ്‍' എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വാതന്ത്ര തിരക്കഥ. ബിജു മേനോൻ ചിത്രമായ 'ചേട്ടായീസി'ൽ നിർമ്മാതാക്കളിൽ ഒരാളായും സച്ചിയെ കണ്ടു. 2015ൽ 'അനാർക്കലി' എന്ന ചിത്രത്തിലൂടെയാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 'അയ്യപ്പനും കോശി'യും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അകാലവിയോഗം.

എല്ലാ അര്‍ഥത്തിലും സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് 'അയ്യപ്പനും കോശിയും'. ചിത്രത്തിന്‍റെ സാങ്കേതിക മികവില്‍ തുടങ്ങി വിനോദമൂല്യത്തിലും അതു പറഞ്ഞ രാഷ്‍ട്രീയത്തിലുമൊക്കെ സച്ചി മലയാളസിനിമയിലെ സ്വന്തം കസേര കുറച്ചുകൂടി ഉയര്‍ന്ന പ്രതലത്തിലേക്ക് നീക്കിയിട്ടു. 'റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും' പൊലീസുകാരന്‍ 'അയ്യപ്പന്‍ നായര്‍'ക്കുമിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷത്തെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമാരൂപത്തിലേക്ക് എത്തിച്ചിട്ടും പടത്തിന് റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായി എന്നതാണ് സച്ചി നേടിയ വിജയം. പറയാന്‍ എന്തെങ്കിലുമുള്ള ഒരു സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളുമൊക്കെ 'മാസ്' എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്‍ച കൂടിയായിരുന്നു 'അയ്യപ്പനും കോശിയും'.

പതിമൂന്ന് വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടിയതിനേക്കാള്‍ പ്രേക്ഷകരുടെ സ്‍നേഹബഹുമാനങ്ങള്‍ സച്ചി ഈ ഒറ്റ ചിത്രം കൊണ്ടു നേടിയെന്ന് പറഞ്ഞാല്‍  അതിശയോക്തിയാവില്ല. സച്ചി എന്ന ചലച്ചിത്രകാരന്‍റെ ഇനിയുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഒരുപാട് പുതിയ പ്രേക്ഷകരെ അദ്ദേഹത്തിനു നേടിക്കൊടുത്തിരുന്നു 'അയ്യപ്പനും കോശിയും'. സച്ചിയുടെ തൂലികയില്‍ നിന്ന് ഇനിയും ജീവനുള്ള ഒരുപാട് ഗംഭീര സിനിമാക്കഥകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സുഹൃത്തുക്കളും 'അയ്യപ്പനും കോശിയും' പ്രമോഷണ്‍ അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആ കാത്തിരിപ്പുകളൊക്കെ വിഫലമാക്കിക്കൊണ്ടാണ് സച്ചി എന്ന കെ ആര്‍ സച്ചിദാനന്ദന്‍ 48-ാം വയസ്സില്‍ പൊടുന്നനെ മാഞ്ഞുപോയത്.

Read More : വാശിയോടെ വാദിച്ച് ടൊവിനൊയും കീര്‍ത്തി സുരേഷും, 'വാശി' റിവ്യു

tags
click me!