ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ജോണറില്‍ പെടുന്ന ചിത്രമാണിത്
ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററിയും ക്രൈമും അതിന്‍റെ അന്വേഷണവുമൊക്കെ ഉണ്ടെങ്കിലും ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ജോണറില്‍ പെടുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിലൂടെ അരങ്ങേറിയ ജോഫിന്‍ ടി ചാക്കോ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജോഫിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്. രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോഫിന്‍ ടി ചാക്കോ.
"മമ്മൂക്ക, നിങ്ങളുടെ യെസ് ഇല്ലാതെ ഈ ചിത്രം ഒരിക്കലും സാധ്യമാകുമായിരുന്നില്ല. അങ്ങയുടെ പിന്തുണയാണ് മുന്നോട്ടുള്ള ഓരോ ചുവടിലും ഞങ്ങളെ നയിച്ചത്. വ്യക്തിപരമായി അസാധ്യമെന്ന് ഞാന്‍ കരുതിയ ഒന്നിനെ ഏറ്റെടുക്കുന്നതിന് ചാലകശക്തി ആയതിന് നന്ദി. എല്ലാറ്റിലുമുപരി അതില്‍ ഒരു ഭാഗമായതിനും നന്ദി", മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ജോഫിന്‍ ടി ചാക്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്.
ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്